Kerala NewsLocal News

കാണാതായ കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി ; കൊലപാതകത്തിന് പിന്നില്‍ മോഷണം തന്നെ

Keralanewz.com

കോഴിക്കോട്: ഏഴുദിവസം മുമ്ബ് വീട്ടില്‍ നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശി 57 കാരി സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്നും കണ്ടെത്തിയതായി സൂചന.

സുഹൃത്ത് സമദും കൂട്ടുകാരന്‍ സുലൈമാനും ചേര്‍ന്ന് നടത്തിയ കൃത്യത്തില്‍ മൃതദേഹം നാടുകാണി ചുരത്തിലായിരുന്നു ഉപേക്ഷിച്ചത്. സമദ് പിന്നീട് പോലീസിന് കീഴടങ്ങുകയും കൊലപാതകത്തില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇയാള്‍ പറഞ്ഞ സ്ഥലത്ത് നിന്നും പോലീസ് സൈനബയുടെ മൃതദേഹം കണ്ടെത്തിത്. നാടുകാണി ചുരത്തിന്റെ അധികം ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത സ്ഥലത്ത് റോഡിന്റെ താഴെയായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ സൈനബയുടെ മകനും കൂടെയുണ്ടായിരുന്നു. അതേസമയം മൃതദേഹം ശാസ്ത്രീയ പരിശോധന കൂടി നടത്തേണ്ടതുണ്ട്.

കോഴിക്കോടുള്ള പോലീസ് സംഘം സമദുമായിട്ടാണ് മൃതദേഹം തള്ളിയ സ്ഥലത്ത് എത്തിയത്. കൊല്ലപ്പെടുമ്ബോള്‍ സൈനബയുടെ കയ്യില്‍ മൂന്ന് ലക്ഷം രൂപയും 17 പവന്‍ സ്വര്‍ണ്ണവും ഉണ്ടായിരുന്നതായിട്ടാണ് വിവരം. കവര്‍ച്ച തന്നെയായിരുന്നു പ്രാഥമിക ഉദ്ദേശമെന്ന് വിവരമുണ്ട്. സമദുമായി സൈനബയ്ക്ക് മുന്‍പരിചയം ഉണ്ടായിരുന്നു. അതാണ് അയാള്‍ വിളിച്ച ഉടന്‍ സൈനബ വന്നത്. സംഭവത്തില്‍ സുലൈമാന്‍ കടന്നുകളഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട്ട് കൊണ്ടുപോയി പോസ്റ്റുമാര്‍ട്ടം നടത്തും. ഭാര്യയെ ഏഴാം തീയതി മുതല്‍ കാണാതായതായി ഭര്‍ത്താവ് മുഹമ്മദ് അലി പറഞ്ഞു. ഏഴാം തീയതി വൈകിട്ട് അഞ്ചുമണി വരെ സംസാരിച്ചിരുന്നു. അതിന് ശേഷം പലവട്ടം ഫോണ്‍ വിളിച്ചിട്ടും കിട്ടിയില്ല. താന്‍ വീട്ടില്‍ പോകുകയാണെന്നായിരുന്നു സൈനബ ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സമദ് വെളിപ്പെടുത്തലുമായി എത്തിയത്.

Facebook Comments Box