Kerala NewsLocal News

കോഴിക്കോട്ട് സ്‌ഫോടനം നടത്തുമെന്ന് മാവോയിസ്റ്റ് ഭീഷണി

Keralanewz.com

കോഴിക്കോട് | മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങിനു ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി.

കഴിഞ്ഞ ദിവസാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായിപ്പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ തിരിച്ചടിക്കും എന്നു പറയുന്ന കത്ത് നടക്കാവ് പോലീസിനു കൈമാറി.
വ്യാജ കമ്മ്യൂണിസ്റ്റുകള്‍, വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണു കത്തില്‍ പറയുന്നത്. ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നുണ്ട്. അതിനാല്‍ ഭീഷണിയെ ഗൗരവത്തിലാണ് പോലീസ് കാണുന്നത്. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് കത്തില്‍ അന്വേഷണം തുടങ്ങിയെന്നാണ് വിവരം.

അതേസമയം, കണ്ണൂര്‍ അയ്യന്‍കുന്നില്‍ തണ്ടര്‍ബോള്‍ട്ടുമായി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന മേഖലയില്‍ നിന്ന് ലാപ്‌ടോപ്പും രഹസ്യ രേഖകളും പോലീസ് കണ്ടെത്തി.

മാവോയിസ്റ്റുകള്‍ തമ്ബടിച്ച ഞെട്ടിത്തോട്ട് മലയിലെ മൂന്ന് ക്യാമ്ബ് ഷെഡ്ഡുകളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. അയ്യന്‍കുന്ന് മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന തുടരുകയാണ്. രണ്ട് വനിതാ മാവോയിസ്റ്റുകള്‍ ബസ് മാര്‍ഗം തലശ്ശേരിയില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നു പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Facebook Comments Box