Sun. May 19th, 2024

പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ്റെ മണ്ഡലത്തില്‍ നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച്‌ കോണ്‍ഗ്രസ് ഭരിക്കുന്ന പറവൂര്‍

By admin Nov 22, 2023 #congress #CPIM
Keralanewz.com

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച്‌ യുഡിഎഫ് ഭരിക്കുന്ന നഗരസഭ.

യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭയാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപഫണ്ട് അനുവദിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭയാണ് പറവൂര്‍. . ഈ മാസം 13ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു ഫണ്ട് അനുവദിക്കാൻ ഐക്യകണ്ഠേന തീരുമാനം എടുത്തത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും നവകേരള സദസ്സിന് പണം അനുവദിച്ചത് വിവാദമായിരുന്നു. രണ്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ഒരു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഈ മാസം നാലിനു ചേര്‍ന്ന തിരുവല്ല നഗരസഭാ കൗണ്‍സിലിലാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. സപ്ലിമെന്ററി അജന്‍ഡയായി തുക അനുവദിക്കുന്ന വിഷയം ഉള്‍പ്പെടുത്തിയാണ് ഒരു ലക്ഷം രൂപ അനുവദിച്ചത്. യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തും ഒരു ലക്ഷം രൂപ നവകേരള സദസിന് അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേനെയാണ് തീരുമാനം എടുത്തത്. മുഴുവൻ യുഡിഎഫ് അംഗങ്ങളും പണം അനുവദിക്കുന്നതിനെ അനുകൂലിച്ചിരുന്നു. നവംബര്‍ 10ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലായിരുന്നു പണം അനുവദിക്കാനുള്ള തീരുമാനം എടുത്തത്.

യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. നവകേരള സദസ്സുമായി സഹകരിക്കരുതെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. നവകേരള സദസ്സിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കേണ്ടതില്ലെന്ന നിര്‍ദേശം നവംബര്‍ 11ന് സര്‍ക്കുലറായി കെപിസിസി പുറത്തിറക്കുകയും ചെയ്തു. എന്നാൽ കെപിസിസി സര്‍ക്കുലര്‍ പുറത്ത് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള പറവൂര്‍ നഗരസഭ നവകേരള സദസ്സിന് ഫണ്ട് അനുവദിച്ചത്.

ഫണ്ട് അനുവദിക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ തീരുമാനം പിൻവലിക്കാൻ എറണാകുളം ഡിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ്‌ ഷിയാസാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പൊതു ജനങ്ങൾക്ക് ഗുണമുണ്ടാകുന്ന ജനസഭയോട് സഹകരിക്കാതിരുന്നാൽ പൊതു ജനം എതിരായെങ്കിലോ എന്ന ആശങ്കയാണ് ഈ നഗരസഭകളെ കോൺഗ്രസ് നേതൃത്വത്തിന്റെ താക്കീത് ലംഘിക്കാൻ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു. കൂടുതൽ നഗരസഭ കളും പഞ്ചായത്തുകളും വരും ദിവസങ്ങളിൽ സമാനമായ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ടെന്ന് സൂചനകളാണ് ലഭിക്കുന്നത്.

Facebook Comments Box

By admin

Related Post