Kerala NewsLocal News

വിധി അംഗീകരിക്കുന്നെന്ന് മന്ത്രി ബിന്ദു ; ഉന്നതവിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

Keralanewz.com

തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി കിട്ടിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.

ബിന്ദു. നിയമനത്തിന്റെ വിവേചനാധികാരം ഗവര്‍ണര്‍ക്കായിരുന്നെന്നും ബിന്ദു പ്രതികരിച്ചു. കോടതി വിധി ഇതുവരെ കണ്ടിട്ടില്ല. അത് കണ്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പറഞ്ഞു. അതേസമയം ഉന്നതവിദ്യാഭ്യാസ മന്ത്രി കോടതിവിധിയുടെ പശ്ചാത്തലത്തില്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.

സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചാണ് റദ്ദാക്കിയത്. ഗവര്‍ണര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയത് നിയമനം നല്‍കിയെന്നതും ഗവര്‍ണര്‍ ഏതെങ്കിലും ബാഹ്യശക്തിയുടെ ചരടുവലിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കിയ കാര്യത്തില്‍ സുപ്രീംകോടതി പ്രതികരിച്ചു.

വിഷയത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായതായി കണ്ടെത്തിയാണ് കോടതി നിയമനം റദ്ദാക്കിയത്. നിയമനത്തില്‍ മോശമായ പല കാര്യങ്ങളും ഉണ്ടായതായി കോടതി വിലയിരുത്തി. കണ്ണൂര്‍ സര്‍വകലാശാല നിയമം അനുസരിച്ച്‌ വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കാനുള്ള അധികാരം പൂര്‍ണ്ണമായും ഗവര്‍ണര്‍ക്കാണ്. എന്നാല്‍ ആ അധികാരം ഗവര്‍ണര്‍ സര്‍ക്കാരിന് അടിയറവ് വെച്ചെന്നും അത് ചട്ടവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. നേരത്തേ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായതായി ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി പുനര്‍ നിയമനം ആവശ്യപ്പെടുകയായിരുന്നു എന്നും ആ സമ്മര്‍ദ്ദത്തിന് താന്‍ വഴങ്ങിപ്പോയെന്നും ഗവര്‍ണര്‍ നേരത്തേ പ്രതികരിച്ചിരുന്നു.

Facebook Comments Box