കണ്ണൂര്‍ വി.സി. നിയമനം സുപ്രീംകോടതി റദ്ദാക്കി ; ഗോപിനാഥന്‍ രവീന്ദ്രന്‍ പുറത്ത്, സര്‍ക്കാരിന് തിരിച്ചടി
ന്യൂഡല്‍ഹി: കണ്ണൂര്‍ വൈസ്ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി.
വി.സി. നിയമനം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനത്ത് നിന്നും പുറത്തായി. ഹര്‍ജിക്കാരന്റെ അപ്പീല്‍ അനുവദിച്ചിരിക്കുന്നതായി കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
വിധി പ്രസ്താവിച്ചത് ജസ്റ്റീസ് ജെ.ബി. പര്‍ദ്ദീവാലയാണ്. കേസില്‍ നാലു ചോദ്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ മൂന്ന് വിഷയങ്ങള്‍ ബാധകമല്ലെങ്കിലും ഗവര്‍ണര്‍ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികള്‍ക്ക് വഴങ്ങേണ്ടി വന്നു എന്നത് ചട്ടവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ എന്ന നിലയിലാണ് നിയമനത്തിന് അംഗീകാരം നല്‍കിയതെങ്കിലും തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഗവര്‍ണര്‍ തന്നെ നല്‍കിയ മൊഴി കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ബാഹ്യശക്തികള്‍ക്ക് വിധേയമായി നടത്തിയ നിയമനം ചട്ട വിരുദ്ധമായെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പുനര്‍ നിയമനം നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ചട്ടങ്ങള്‍ ലംഘിച്ചുള്ള പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി.
പുനര്‍ നിയമനത്തിന് മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കഴിഞ്ഞ മാസം കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടയില്‍ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു. എന്നാല്‍ അതൊന്നും കോടതി പ്രധാന വിഷയമായി എടുത്തിരുന്നില്ല. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലാണെന്നും ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കിയെന്നും സുപ്രീംകോടതി വിലയിരുത്തി