Thu. May 9th, 2024

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരില്‍ ഇപ്പോഴും രോഗം

By admin Nov 30, 2023
Keralanewz.com

കാസര്‍കോട്: സമ്ബൂര്‍ണ എയ്ഡ്സ് മുക്തമാവാതെ കാസര്‍കോട് ജില്ല. ജില്ലയില്‍ 42പേരില്‍ ഇപ്പോഴും രോഗമുണ്ട്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച്‌ 2023 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 34697 പേര്‍ എച്ച്‌.ഐ.വി.

ടെസ്റ്റിന് വിധേയരാവുകയും അതില്‍ 42 പേര്‍ക്ക് എച്ച്‌.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തു. 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജില്ലയില്‍ 15029 പേര്‍ എച്ച്‌.ഐ.വി ടെസ്റ്റിന് വിധേയരാവുകയും അതില്‍ 18 പേര്‍ക്ക് എച്ച്‌.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തു.

എച്ച്‌.ഐ.വി പോസിറ്റിവ് ആയ മുഴുവൻ ആളുകള്‍ക്കും കൃത്യമായ കൗണ്‍സലിങ്ങിനുശേഷം എ.ആര്‍.ടി ചികിത്സ ആരംഭിച്ചിട്ടുണ്ട്. 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരുന്നു. എച്ച്‌.ഐ.വി. അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്‌.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ ലോക എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ജില്ലതല ഉദ്‌ഘാടനം ഡിസംബര്‍ ഒന്നിന് രാവിലെ 9 .30 ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ എം. രാജഗോപാലൻ എം.എല്‍.എ നിര്‍വഹിക്കും. ‘സമൂഹങ്ങള്‍ നയിക്കട്ടെ’ എന്നാണ് ഈ വര്‍ഷത്തെ എയ്‌ഡ്‌സ്‌ ദിനാചരണ സന്ദേശം.

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജനറല്‍ ആശുപത്രി കോമ്ബൗണ്ടില്‍ സ്ഥിതി ചെയ്യുന്ന എച്ച്‌.ഐ.വി. ചികിത്സാ കേന്ദ്രമായ ‘ഉഷസി’ല്‍ നിലവില്‍ 464 സ്ത്രീകളും 451 പുരുഷന്മാരും അടക്കം 915 പേര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട് . 2023ല്‍ 41 പുതിയ എച്ച്‌.ഐ.വി. പോസിറ്റിവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എച്ച്‌.ഐ.വി. ടെസ്റ്റിനും കൗണ്‍സിലിങ്ങിനുമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആറ് ഐ.സി.ടി.സി കേന്ദ്രങ്ങളും 32 എഫ്.ഐ.സി.ടി.സി. കേന്ദ്രങ്ങളുമുണ്ട്.

എച്ച്‌.ഐ.വി പരിശോധനയും കൗണ്‍സിലിങ്ങും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ലൈംഗിക രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള ‘പുലരി’ ചികിത്സാകേന്ദ്രം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലുണ്ട്. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച്‌ വരെ 1603 പേര്‍ പുലരി ക്ലിനിക്കില്‍ എത്തുകയും അതില്‍ 270 ആളുകളില്‍ ലൈംഗിക രോഗങ്ങള്‍ കണ്ടെത്തുകയും 21 പേര്‍ക്ക് സിഫിലിസ് രോഗത്തിന് ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്.

എച്ച്‌.ഐ.വി അണുബാധ സാധ്യത കൂടുതലുള്ള ലക്ഷ്യവിഭാഗങ്ങള്‍ക്കിടയില്‍ എച്ച്‌.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് സുരക്ഷാ പ്രോജക്ടുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. എച്ച്‌.ഐ.വി അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ തന്നെ കൂട്ടായ്മയായ ‘വിഹാൻ കെയര്‍ സപ്പോര്‍ട്ട്’ സെന്ററിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ജില്ലയിലുണ്ട്.

ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ എച്ച്‌.ഐ.വി ബാധിതര്‍ക്കായി പോഷകാഹാര വിതരണ പദ്ധതി, സര്‍ക്കാര്‍ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി ,സൗജന്യ ചികിത്സയും പരിശോധനകളും, സൗജന്യ പാപ്സ്മിയര്‍ (ഗര്‍ഭാശയ കാൻസര്‍) പരിശോധന, ‘സ്നേഹപൂര്‍വ്വം’ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി എന്നിവയും ജില്ലയില്‍ നടപ്പാക്കിവരുന്നു.

Facebook Comments Box

By admin

Related Post