Mon. Apr 29th, 2024

കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ മമത മാത്രമല്ല, അഖിലേഷും നിതീഷുമില്ല; ഇന്ത്യ സഖ്യം യോഗം മാറ്റി വെക്കും.

Keralanewz.com

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുക്കിയ ഇന്ത്യ മുന്നണിയിൽ കലഹം പൊട്ടിപ്പുറപ്പെട്ടതായി സൂചനകൾ . നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് വിളിച്ച സഖ്യത്തിന്റെ യോഗത്തിലേക്ക് പ്രമുഖ മുന്നണി നേതാക്കൾ എത്തില്ല.

ഇങ്ങനൊരു യോഗത്തെ കുറിച്ച്‌ അറിയില്ല എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി അധ്യക്ഷനുമായ അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം യോഗം വിളിച്ചത്. സീറ്റ് വിഭജന ചര്‍ച്ച ഈ യോഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നഷ്ടപ്പെട്ടത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്ത് ചോര്‍ത്തിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷ സഖ്യത്തിലെ നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വാര്‍ത്തയാകുന്നത്.

ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിന് മുന്‍കൈയ്യെടുത്തത് നിതീഷ് കുമാര്‍ ആയിരുന്നു. അദ്ദേഹം വിളിച്ച യോഗം നേരത്തെ ഭംഗിയായി നടക്കുകയും വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. പട്‌ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇനി സീറ്റ് വിഭജനത്തിലേക്കാണ് കടക്കേണ്ടത്. അതിനിടെയാണ് കോണ്‍ഗ്രസ് യോഗം വിളിച്ചതും നേതാക്കള്‍ മുഖം തിരിച്ചിരിക്കുന്നതും.

ബുധനാഴ്ച തീരുമാനിച്ച യോഗത്തിലേക്ക് ക്ഷണിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ചിരുന്നുവത്രെ. അദ്ദേഹം അസൗകര്യം അറിയിച്ചു. പ്രതിനിധികളെ അയക്കാമെന്നും പറഞ്ഞു. അതേസമയം, ബിഹാറിലെ ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തിന് എത്തുമെന്ന് അറിയിച്ചു.

ഈ സാഹചര്യത്തില്‍ ബുധനാഴ്ചത്തെ യോഗം മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എല്ലാ നേതാക്കളുടെയും സൗകര്യം പരിഗണിച്ച്‌ മറ്റൊരു തീയതിയില്‍ യോഗം നടത്താമെന്നാണ് ആലോചന. ഡിസംബര്‍ 18ലേക്ക് യോഗം മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സഖ്യത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് ചില നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ മറ്റു കക്ഷികൾ തയ്യാറല്ല എന്നതിന്റെ സൂചനകളാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളിലൂടെ ലഭ്യമാകുന്നത്.

Facebook Comments Box

By admin

Related Post