Mon. May 6th, 2024

126.54 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ്; ഹൈ റിച്ച്‌ കമ്പനി ഡയറക്ടര്‍ പ്രതാപൻ അറസ്റ്റില്‍

By admin Dec 6, 2023 #G ST #High Rich
Keralanewz.com

കൊച്ചി: 126.54 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശൂര്‍ ആസ്ഥാനമായ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഡയറക്ടറെ ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു.

തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ റിച്ച്‌ ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ കെ.ഡി. പ്രതാപനെയാണ് ജി.എസ്.ടി ഇന്‍റലിജൻസ് കാസര്‍കോട് യൂനിറ്റ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ഇയാളെ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്ബത്തികം) റിമാൻഡ് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറയുന്നു. അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ജി.എസ്.ടി വെട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍റലിജൻസ് വിഭാഗം കഴിഞ്ഞമാസം 24ന് കമ്ബനിയുടെ ആറാട്ടുപുഴയിലെ ഓഫിസില്‍ പരിശോധന നടത്തിയിരുന്നു.

703 കോടി വിറ്റുവരവുള്ള കമ്ബനി 126.54 കോടി ജി.എസ്.ടി അടക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. കമ്ബനി ഡയറക്ടര്‍മാരായ പ്രതാപൻ, കെ.എസ്. ശ്രീന എന്നിവരെ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണറുടെ (ഇന്‍റലിജൻസ്) തൃശൂരിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

പരിശോധനക്ക് പിന്നാലെ നവംബര്‍ 24ന് ഒന്നരക്കോടിയും 27ന് 50 കോടിയും കമ്ബനി അടച്ചു. 75 കോടി കൂടി അടക്കാനുള്ള സാഹചര്യത്തിലാണ് അറസ്റ്റ്. കമ്ബനിക്ക് മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തനമുണ്ടെന്നും കൂടുതല്‍ വിറ്റുവരവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തലെന്നും ജി.എസ്.ടി അധികൃതര്‍ പറയുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മാതൃകയില്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായാണ് കമ്ബനിയുടെ പ്രവര്‍ത്തനം എന്നും അവര്‍ വ്യക്തമാക്കി.

കണക്കുകള്‍ പെരുപ്പിച്ച്‌ കാട്ടിയതെന്ന് കമ്ബനി

കമ്ബനി നികുതി വെട്ടിച്ചെന്ന പ്രചാരണം വ്യാജമാണെന്നും ജി.എസ്.ടി ഫയലിങ് വിഭാഗത്തില്‍ വന്ന തെറ്റിദ്ധാരണകളുടെ ഭാഗമായി പെരുപ്പിച്ച്‌ കാണിച്ച കണക്കുകളുടെ ഫലമായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ പുറത്തുവന്നതെന്നും ഹൈ റിച്ച്‌ കമ്ബനി അധികൃതര്‍. ജി.എസ്.ടി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ 51.5 കോടി അടച്ചു. റീ ഓഡിറ്റിങ് നടത്തി കമ്ബനിയുടെ നിരപരാധിത്വം തെളിയിക്കാനും അതിനുശേഷം ആവശ്യമെങ്കില്‍ പിഴ അടക്കാനും സമയം ആവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 15നകം ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വ്യക്തമായ നിയമോപദേശം തേടി റീ ഓഡിറ്റിങ് നടത്തി ഔദ്യോഗിക രേഖകള്‍ ഉടൻ സമര്‍പ്പിക്കുമെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ മറ്റ് പല ഉദ്ദേശ്യങ്ങളാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Facebook Comments Box

By admin

Related Post