പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി
ഡല്‍ഹി: ഡിസംബര്‍ 13 ന് മുമ്ബ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി. വീഡിയോയിലൂടെയാണ് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിംഗ് പന്നു ഭീഷണി മുഴക്കിയത്.
ശൈത്യകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഭീഷണി. ഡിസംബര്‍ രണ്ടിനാണ് ശൈത്യകാല സമ്മേളനം ആരംഭിച്ചത്. ഇത് ഡിസംബര്‍ 22 വരെ തുടരും. 22 വര്‍ഷങ്ങള്‍ക്ക് മുമ്ബ് 2001 ല്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടത് ഡിസംബര്‍ 13നാണ്.
ഡല്‍ഹി ഖലിസ്ഥാന്‍ ആക്കുമെന്ന മുദ്രാവാക്യം എഴുതിയ പോസ്റ്ററും പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചിത്രവും വീഡിയോയിലുണ്ട്. ഇന്ത്യന്‍ ഏജന്‍സി തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും ഇത് പരാജയപ്പെട്ടുവെന്നും പന്നു ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിരോധിച്ച, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ ( Sikhs for Justice -SFJ) തലവനാണ് പന്നു. ഇന്ത്യന്‍ അന്വേഷണ്‍ ഏജന്‍സികള്‍ ഇയാള്‍ക്കായി വലവിരിച്ചിരിക്കുകയാണ്.