Mon. Apr 29th, 2024

ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായമില്ലെന്നു ജോസ് കെ. മാണി

By admin Dec 6, 2023
Keralanewz.com

ന്യൂഡല്‍ഹി: ബിജെപിക്കു രാഷ്‌ട്രീയനേട്ടമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് വികസനവും സാന്പത്തിക സഹായവുമില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാൻ ജോസ് കെ.

മാണി. സാന്പത്തിക വളര്‍ച്ചയെക്കുറിച്ച്‌ സര്‍ക്കാര്‍ വീരവാദം മുഴക്കുന്പോഴും കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാരുടെയും പാവങ്ങളുടെയും ജീവിതനിലവാരം ഉയര്‍ന്നിട്ടില്ലെന്നും കര്‍ഷകര്‍ ആത്മഹത്യകളിലേക്കു പോകുന്ന ദുഃസ്ഥിതിയാണെന്നും രാജ്യസഭയില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധി സാധാരണക്കാരുടെ സാന്പത്തിക നിലയുടെ പ്രതിഫലനമാണെന്നും 1947ലെ റബര്‍ നിയമം അനുസരിച്ച്‌ രൂപീകരിച്ച റബര്‍ ബോര്‍ഡിനെ ശക്തിപ്പെടുത്തണമെന്നും ജോസ് കെ. മാണി രാജ്യസഭയില്‍ നടന്ന സാന്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തു 154 കര്‍ഷകരും ദിവസക്കൂലിക്കാരായ തൊഴിലാളികളും ആത്മഹത്യ ചെയ്തു. ലോകത്തുതന്നെ ഇത്രയധികം കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായ രാജ്യങ്ങള്‍ ഉണ്ടായേക്കില്ല. രാജ്യത്തു സാന്പത്തിക വളര്‍ച്ച ഉണ്ടാകുന്നതിന്‍റെ അളവുകോല്‍ സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതനിലവാരം മെച്ചപ്പെട്ടോ എന്നതിനെ നോക്കിയാകണം.

കര്‍ഷകരുടെയും സാധാരണക്കാരുടെയും ചെലവിലാകരുത് രാജ്യത്തെ വ്യവസായികളുടെ വളര്‍ച്ചയെ സഹായിക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകളെയും വൻകിട വ്യവസായികളെയും കൈയയച്ചു സഹായിക്കുന്പോള്‍ കര്‍ഷകരെയും തൊഴിലാളികളെയും അവഗണിക്കുന്നു.

രാജ്യത്തിന്‍റെ മൊത്തം സന്പത്തിന്‍റെ 40 ശതമാനവും വെറും ഒരു ശതമാനം കുത്തക മുതലാളിമാരുടെ പക്കലാണെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. സാന്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാര്‍ക്കു ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post