Thu. May 2nd, 2024

സ്വാഭാവിക റബർ കാർഷിക വിളയായി പ്രഖ്യാപിക്കണം; കിലോക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണം : തോമസ് ചാഴികാടൻ എം പി.

Keralanewz.com

ന്യൂഡൽഹി:
സ്വാഭാവിക റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ച് കിലോയ്ക്ക് ചുരുങ്ങിയത് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും, ചണം കർഷകർക്ക് കിട്ടുന്ന ആനുകൂല്യം റബർ കർഷകർഷകർക്കും കിട്ടണമെന്നുംതോമസ് ചാഴികാടന്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. റൂള്‍ 377 പ്രകാരം അവതരിപ്പിച്ച സബ്മിഷനിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വ്യവസായത്തിന്റെ അസംസ്‌കൃത വസ്തുവായ ചണം കാര്‍ഷിക ഉല്‍പ്പന്നമായിട്ടാണ് കേന്ദ്രസര്‍ക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക ഉത്പന്നമായതിനാല്‍ താങ്ങുവിലയും പ്രഖ്യാപിച്ചിട്ടുണ്ട്. ചണകൃഷിക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇതേ ഗണത്തില്‍ വരുന്ന സ്വാഭാവിക റബറിനെ പക്ഷേ വ്യാവസായിക ഉല്പന്നമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. കാര്‍ഷിക വിളയായ സ്വാഭാവിക റബറും വ്യവസായങ്ങളുടെ അസംസ്‌കൃത വസ്തുവാണ്. ചണം കാര്‍ഷിക ഉല്‍പ്പന്നമായി പ്രഖ്യാപിച്ചതു പോലെ സ്വാഭാവിക റബറിനേയും കാര്‍ഷിക ഉല്‍പ്പന്നമായി പ്രഖ്യാപിക്കണമെന്നും താങ്ങുവില പ്രഖ്യാപിക്കണമെന്നും തോമസ് ചാഴികാടന്‍ എംപി സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നര ഇരട്ടി (150%) ലഭിച്ചാല്‍ മാത്രമേ, കൃഷി ലാഭകരമായി നടത്താന്‍ കഴിയൂ. സ്വാഭാവിക റബ്ബറിന് കിലോയ്ക്ക് 172 രൂപയാണ് ഉത്പാദന ചെലവ്. സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദ്ദേശമനുസരിച്ച് ചുരുങ്ങിയത് കിലോയ്ക്ക് 258 രൂപ ലഭിക്കണം. നിലവില്‍ റബറിന് നൂറു രൂപയ്ക്ക് മുകളില്‍ മാത്രമാണ് വില ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വാഭാവിക റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ച്, ഒരു കിലോ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post