തിരഞ്ഞെടുപ്പ് പരാജയം; തെക്ക്- കിഴക്കൻ ഏഷ്യൻ പര്യടനം റദ്ദാക്കി രാഹുൽ ഗാന്ധി.
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന തെക്ക് -കിഴക്കന്‍ ഏഷ്യന്‍ പര്യടനം അപ്രതീക്ഷിത കാരണങ്ങളാല്‍ റദ്ദാക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു
ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു രാഹുലിന്റെ പദ്ധതി. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യ പ്രദേശ് എന്നീ മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് തന്റെ യാത്ര രാഹുൽ റദ്ദാക്കിയത്.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വന്‍ വിജയം നേടുകയും ചെയ്തു. തിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് രാഹുലിന്റെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ പര്യടനത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ത്യ സഖ്യത്തിലെ അംഗങ്ങളും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം, ഡിസംബര്‍ നാലിന് ആരംഭിച്ചതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാഹുല്‍ കാണണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ടായിരുന്നു.
അതേസമയം തെലങ്കാന മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഹൈദരാബാദില്‍ എത്തിയിരുന്നു. ഭരണപക്ഷമായിരുന്ന ഭാരത് രാഷ്ട്ര സമിതിയില്‍ നിന്നാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ആകെയുള്ള 119 സീറ്റില്‍ 64ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തിരുന്നു. തെലങ്കാനയിലെ ചരിത്ര ജയത്തിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖം റെഡ്ഡിയായിരുന്നു. റെഡ്ഡിയുടെ ആക്രമണാത്മക പ്രചാരണ തന്ത്രങ്ങളും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അദ്ദേഹത്തെ ജനക്കൂട്ടത്തിന്റെ പ്രിയങ്കരനാക്കി . ഇതെല്ലാം പരിഗണിച്ചാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയത്.