സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം”; സ്ത്രീധന ബഹിഷ്കരണ ആഹ്വാനവുമായി കേരള യൂത്ത് ഫ്രണ്ട് (എം)
കോട്ടയം : യുവ ഡോക്ടര്‍ ഷഹ്ന തിരുവനന്തപുരത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ബോധവത്കരണവുമായി കേരള യൂത്ത് ഫ്രണ്ട് (എം ) .
സ്കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും , ആശുപത്രികള്‍ മറ്റു പൊതുസ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം സ്ത്രീധനവിരുദ്ധ ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യുന്നതിനും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതിനും ആണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് എം തയ്യാറെടുക്കുന്നത്.
“സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം”കാമ്ബയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബര്‍ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് പിജി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയിരുന്നു. സ്ത്രീധനം നല്‍കാനില്ലാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതോടെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പരാതി ഉയര്‍ന്നത്.
ഇതില്‍ സമൂഹത്തിൻറെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടയാണ് വ്യത്യസ്തമായ പ്രചാരണ പരിപാടിയുമായി യൂത്ത് ഫ്രണ്ട് രംഗത്ത് എത്തിയത്. ഡിസംബര്‍ 16ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികളുമായി രംഗത്തിറങ്ങുന്നതിനാണ് ആലോചിക്കുന്നത്.