Kerala NewsLocal News

വാകേരിയില്‍ യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കടുവയ്ക്കായുളള തിരച്ചില്‍ തുടരുന്നു, സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു

Keralanewz.com

വയനാട്: വാകേരിയില്‍ യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കടുവക്കായുളള തിരച്ചില്‍ തുട‌രുന്നു. പ്രജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മൂടക്കൊല്ലിയിലാണ് തെരച്ചില്‍ നടക്കുന്നത്.

മൂടക്കൊല്ലിയില്‍ ക്യാമറ സ്ഥാപിച്ചു. മേപ്പാടി, ബത്തേരി, മാനന്തവാടി ഫോറസ്റ്റ് ഡിവിഷനിലെ ആര്‍ആര്‍ടി സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ തുടരുന്നത്. കടുവയുടെ വരവും പോക്കും അറിയാൻ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് വിവരം. ആര്‍ ആര്‍ ടി യും വനം വകുപ്പുജീവനക്കാരുമാണ് മേഖലയില്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സംസ്കരിച്ചു. മൂടക്കൊല്ലി കൂടല്ലൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച്‌ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.

Facebook Comments Box