തൃപ്പൂണിത്തുറ തെരെഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല,കെ.ബാബുവിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരെഞ്ഞെടുപ്പ് കേസിലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈകോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്യണമെന്ന് കെ ബാബു എംഎല്‍എ ആവശ്യപ്പെട്ടത്.
എന്നാല്‍ സുപ്രീം കോടതി സ്റ്റേ ആവശ്യം നേരത്തെ തള്ളിയത് ആണെന്ന് സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി വി ദിനേശ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ഇന്ന് ഹൈക്കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചതായി ബാബുവിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ബാബുവിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ ചന്ദര്‍ ഉദയ് സിംഗും, അഭിഭാഷകൻ റോമി ചാക്കോയും ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.
ബാബു നല്‍കിയ ഹര്‍ജി ജനുവരി 10 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചുവെന്ന് ആരോപിച്ച് ബാബുവിനെതിരെ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് ബാബു സുപ്രീം കോടതിയെ സമീപിച്ചത്.