പാഠപുസ്തകത്തില്‍ ശാസ്ത്രബോധം വളര്‍ത്താനുളള പാഠങ്ങളും ലൈംഗിക വിദ്യാഭ്യാസവും ഉള്‍പ്പെടുത്തും: വി ശിവന്‍കുട്ടി
കൊച്ചി: സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി പുതുക്കുന്ന പാഠപുസ്തകങ്ങളില്‍ ആധുനിക കാലത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനാവശ്യമായ പാഠ ഭാഗങ്ങള്‍ ഉള്‍കൊള്ളിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ശാസ്ത്രാവബോധം വളര്‍ത്താനുള്ള പാഠങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം, കുട്ടികളുടെ അവകാശങ്ങള്‍, പ്രധാനമായും പോക്സോ നിയമം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍കൊള്ളിക്കുമെന്ന് മന്ത്രി അറിയിച്ചു.
മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജ്ജനം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ചെറിയ ക്ലാസ് മുതല്‍ പാഠങ്ങള്‍ ഉള്‍പ്പെടുത്തും കാലാവസ്ഥാ വ്യതിയാനം- ആഗോളതാപനം സംബന്ധിച്ച പാഠങ്ങളും പരിഷ്കരിച്ച പുസ്തകത്തില്‍ ഉള്‍പ്പെടും.
തൊഴിലിനോട് കുട്ടികള്‍ക്ക് പോസിറ്റീവായ മനോഭാവം വളര്‍ത്താനുള്ള പ്രത്യേക പുസ്തകങ്ങള്‍ തന്നെ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് യോഗ ഉള്‍പ്പെടെ പ്രത്യേകം പുസ്തകങ്ങള്‍, റോഡ് സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച പാഠങ്ങള്‍, കലാവിദ്യാഭ്യാസത്തിന് അഞ്ചാം ക്ലാസ് മുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ പാഠപുസ്തകളില്‍ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ കേരളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. അത് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്കരിക്കുന്നത്. പുതിയ അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്ബ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കും. 2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.