Kerala NewsLocal NewsPolitics

മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നു: രമേശ് ചെന്നിത്തല

Keralanewz.com

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും നിലനിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ശബരിമല തീര്‍ത്ഥാടനം അവതാളത്തിലാക്കാന്‍ ഇതുവരെ ഒരു ഗവണ്‍മെന്റുകളും ശ്രമിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.വെട്ടിപ്രത്തെ ശബരിമല ഇടത്താവളം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇടത്താവളങ്ങളിലും പമ്ബയിലും നിലയ്ക്കലിലും അയ്യപ്പഭക്തര്‍ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ദര്‍ശനത്തിനായി18 ഉം 20 ഉം മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് അയ്യപ്പഭക്തര്‍ക്ക് ഉള്ളത്. നിലവില്‍ ദേവസ്വം ബോര്‍ഡ് പോലീസിനേയും പോലീസ് ദേവസ്വം ബോര്‍ഡിനേയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് നടക്കുന്നത്.

ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. നിലക്കലില്‍ അയ്യപ്പഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ടെന്റര്‍ നടത്തിയ പണികള്‍ ആരംഭിച്ചിട്ട് പോലും ഇല്ല എന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. മുന്നൊരുക്കങ്ങള്‍ ഫലപ്രദമായ നിലയില്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ദേവസ്വം വകുപ്പ് മന്ത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ബാദ്ധ്യസ്ഥനാണ്. ദേവസ്വം മന്ത്രി അത്‌ചെയ്യണം.

ക്രിസ്തുമസ് അവധിക്കാലത്തും മണ്ഡല പൂജ, മകരവിളക്ക് കാലത്തും തിരക്ക് ഇനിയും വര്‍ധിക്കും. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. മകരവിളക്കിന് മുന്‍പായി മുഖ്യമന്ത്രി ശബരിമല അവലോകന യോഗം വിളിച്ച്‌ ചേര്‍ക്കുന്നത് പതിവാണ്. ഇത്തവണ ആര് യോഗം വിളിച്ച്‌ ചേര്‍ക്കുമെന്നറിയില്ല. മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും തുടരുകയാണെന്നാണ് മനസ്സിലാക്കുന്നത്. ശബരിമല തീര്‍ത്ഥാടകരോടുള്ള അനാദരവും അവരോടുള്ള അവഗണനയും സര്‍ക്കാര്‍ തുടരുകയാണെന്നും, അത് അവസാനിപ്പിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Facebook Comments Box