തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്തമഴ ; വെള്ളപ്പൊക്കം, നാലു ജില്ലകളില്‍ പൊതു അവധി ; 20 ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈ: തലസ്ഥാനത്തിന് പുറകേ തമിഴനാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊ്ക്കം ജനജീവിതം സ്തംഭിപ്പിക്കുന്നു.
നാലു ജില്ലകളിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് ജില്ലകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. വന്ദേഭാരത് അടക്കം 20 ട്രെയിനുകള്‍ റദ്ദാക്കി. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്്.
പുലര്‍ച്ചെ 1.30 വരെ തൂത്തുക്കുടിയിലെ തിരുചെണ്ടൂരില്‍ 60 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. തിരുനെല്‍വേലിയിലെ പാളയംകോട്ട് 26 സെന്റീമീറ്ററും കന്യാകുമാരിയില്‍ 17.3 സെന്റിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. ഇവിടെയെല്ലാം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടച്ചു. നാലു ജില്ലകളിലെയും ഉള്‍പ്രശേങ്ങളില്‍ പോലും മുട്ടറ്റമാണ് വെള്ളം നില്‍ക്കുന്നത്. കന്യാകുമാരിയിലെ പേച്ചിപ്പാറ, പാപനാശം, പെരുഞ്ചാനി ഡാമുകളില്‍ വെള്ളം തുറന്നുവിട്ടു. ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നും ശക്തമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി മന്ത്രിമാരുടേയും ഉന്നതോദ്യോഗസ്ഥരുടേയും യോഗം മുഖ്യമന്ത്രി സ്റ്റാലിന്‍ വിളിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും ബോട്ടുകള്‍ തയ്യാറാക്കാനും ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗങ്ങള്‍ വീതമുളള സംഘം തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലേക്ക് തിരിച്ചിട്ടുണ്ട്. കന്യാകുമാരിയില്‍ ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചു. പ്രളയബാധിത പ്രദേശത്ത് 4000 പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
അതിശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തൂത്തുക്കുടിയില്‍ നിന്നുള്ള വിമാന ഗതാഗതങ്ങളും സ്തംഭിച്ചിരിക്കുകയാണ്. വന്ദേഭാരത് അടക്കം തിരുനെല്‍ വേലിയില്‍ നിന്നുള്ള 20 ട്രെയിനുകളാണ് പൂര്‍ണ്ണമായോ ഭാഗികമായോ ക്യാന്‍സല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.