സംഘികളുടെ പേരുകള്‍ കൊടുത്തതിന് മറുപടി പറയണം ; വിഷയം ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസസെന്ന് മുരളീധരന്‍
ന്യൂഡല്‍ഹി: സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പേരുകളില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും സംഘികളുടെ പേരുകള്‍ ആര് കൊടുത്തു എന്നതിന് ഗവര്‍ണര്‍ മറുപടി പറയണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.
മുരളീധരന്‍. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ നല്ലതെന്നത് പോലെയാണെന്നും പറഞ്ഞു.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കാവിവത്കരണം പാടില്ല എന്നത് പോലെ തന്നെ മാര്‍ക്‌സിസ്റ്റ്വത്കരണവും പാടില്ലെന്നും നാമനിര്‍ദ്ദേശത്തിന് പൊതുമാനദണ്ഡം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. സിപിഎം ഈ നിലപാടിലേക്ക് എത്തിയത് പിന്നീടാണെന്നും ഗവര്‍ണര്‍ക്കെതിരെ ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസാണെന്നും കെ മുരളീധരന്‍ അവകാശപ്പെട്ടു.
സേവ് യൂണിവേഴ്‌സിറ്റി ഫോറം കൊടുത്ത പേരുകളില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായേക്കാം എന്നാല്‍ ആരെയും സെനറ്റിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടില്ലെന്നും പറഞ്ഞു. കേരള സര്‍ക്കാരിന്റെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു.
വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ നടത്തുന്ന പ്രസ്താവനയിലെ മൂര്‍ച്ച പ്രവര്‍ത്തിയില്‍ കാണാനില്ലെന്നാണ് വിമര്‍ശനം. ജീവന്‍രക്ഷാ പ്രവര്‍ത്തനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും പറഞ്ഞു. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ യൂത്ത്് കോണ്‍ഗ്രസ് പ്രതിഷേധവും പാര്‍ട്ടിയുടെ പ്രതികരണവും ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.