Kerala NewsLocal NewsPolitics

പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ചിനെ തുടര്‍ന്ന് തലസ്ഥാനത്ത് കനത്ത സുരക്ഷ ; നവകേരള സദസ്സിന് ഇന്ന് സമാപനം

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലുമായി നടത്തിവന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരളാ സദസ്സിന് ഇന്ന് സമാപനം.

തിരുവനന്തപുരം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. അതേസമയം സമാപന ദിവസം തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ് പ്രതിപക്ഷം.

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമത്തിനെതിരേ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചും ഇന്ന് നടക്കും. യുവമോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിന് നല്‍കിയിട്ടുള്ളത്. പത്തരയോടെ കെപിസിസി ആസ്ഥാനത്ത് നിന്നും കോണ്‍ഗ്രസിന്റെ ഡിജിപി മാര്‍ച്ച്‌ ആരംഭിക്കും. ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും മുതിര്‍ന്ന നേതാക്കളുമാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുക. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ കെ.എസ്.യു. വും നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായിരുന്നു.

കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18 നായിരുന്നു നവകേരളാസദസ് യാത്ര ആരംഭിച്ചത്. ഇതിനകം 35 ദിവസം പിന്നിട്ട യാത്രയില്‍ ഇനി മാക്കിയുള്ളത് എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളാണ്. അടുത്തമാസം 1,2 തീയതികളില്‍ മാറ്റി വെച്ച പര്യടനവും പൂര്‍ത്തിയാക്കും. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ പര്യടനം മാറ്റി വെച്ചത്. ഇന്ന് നടക്കുന്ന കെപിസിസി യുടെ ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുറമേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.സുധാകരനും മുതിര്‍ന്ന നേതാക്കള്‍ രമേശ് ചെന്നിത്തലയും കെ മുരളീധരനും അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

Facebook Comments Box