Kerala NewsLocal News

സെനറ്റ്‌ അംഗങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്‌

Keralanewz.com

കൊച്ചി: കാലിക്കറ്റ്‌ സര്‍വകലാശാലാ സെനറ്റ്‌ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങളെ തടഞ്ഞ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കു ഹൈക്കോടതി നോട്ടീസ്‌.

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്‌ത എട്ട്‌ സെനറ്റ്‌ അംഗങ്ങളുടെ ഹര്‍ജിയിലാണു കോടതി നടപടി. എസ്‌.എഫ്‌.ഐ. പ്രതിഷേധം മൂലം ഇവര്‍ക്ക്‌ സെനറ്റ്‌ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
എസ്‌.എഫ്‌.ഐ. നേതാക്കളായ അഫ്‌സല്‍, മുഹമ്മദ്‌ അലി ഷിഹാബ്‌, കെ.വി. അനുരാജ്‌ എന്നിവര്‍ക്കാണു ദൂതന്‍ മുഖേന കോടതി നോട്ടീസ്‌ അയച്ചത്‌. 26-ന്‌ അവധിക്കാല ബെഞ്ച്‌ കേസ്‌ പരിഗണിക്കുമ്ബോള്‍ ഇവര്‍ ഹാജരാകണം. ഹര്‍ജിക്കാര്‍ക്ക്‌ സംരക്ഷണം നല്‍കാനും ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജി ഉത്തരവിട്ടു.
സര്‍വകലാശാലാ രജിസ്‌ട്രാറുടെ അറിയിപ്പനുസരിച്ച്‌ കഴിഞ്ഞ 21-നു രാവിലെ 10-ന്‌ സെനറ്റ്‌ യോഗത്തില്‍ പങ്കെടുക്കാനെത്തിയ തങ്ങളെ എസ്‌.എഫ്‌.ഐക്കാര്‍ തടഞ്ഞ്‌ കൈയേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും പോലീസ്‌ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വി.സിയോടും രജിസ്‌ട്രാറോടും സുരക്ഷയൊരുക്കണമെന്ന്‌ അഭ്യര്‍ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. ബാലന്‍ പൂതേരി, അഫ്‌സല്‍ സഹീര്‍, എ.കെ. അനുരാജ്‌, എ.ആര്‍. പ്രവീണ്‍കുമാര്‍, സി. മനോജ്‌, എ.വി. ഹരീഷ്‌, സ്‌നേഹ സി. നായര്‍, പി.എം. അശ്വിന്‍രാജ്‌ എന്നീ സെനറ്റ്‌ അംഗങ്ങളാണ്‌ അഡ്വ. ആര്‍.വി. ശ്രീജിത്‌ മുഖേന കോടതിയെ സമീപിച്ചത്‌.

Facebook Comments Box