Fri. May 17th, 2024

ഈ വര്‍ഷം രാജ്യത്ത് തന്നെ അലോസരപ്പെടുത്തിയ നാല് കാര്യങ്ങളില്‍ ഒന്ന് കേരള ഗവര്‍ണര്‍; വിമര്‍ശനവുമായി ജസ്റ്റിസ് നരിമാന്‍

By admin Dec 23, 2023 #Arif Muhammed Khan #Nariman
Keralanewz.com

ന്യൂഡല്‍ഹി:ഈ വര്‍ഷം ഇന്ത്യയില്‍ തന്നെ അലോസരപ്പെടുത്തിയ നാല് കാര്യങ്ങളില്‍ ഒന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍.കേരള നിയമസഭ പാസാക്കി നല്‍കിയ എട്ടു ബില്ലുകളില്‍ തീരുമാനമെടുക്കാതെ 23 മാസത്തോളം കാത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയാണ്, ജസ്റ്റിസ് നരിമാന്‍ ‘അലോസരപ്പെടുത്തുന്നവ’യുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സുപ്രീം കോടതിയുടെ ഇടപെടലോടെ അതില്‍ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ്, അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അലോസരപ്പെടുത്തിയ സംഭവങ്ങളുടെ പട്ടികയില്‍ മൂന്നാമതായാണ് ജസ്റ്റിസ് നരിമാന്‍ കേരള ഗവര്‍ണറുടെ നടപടിയെ പരാമര്‍ശിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയും അതിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയും, തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭേദഗതി ബില്‍, ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി നല്‍കിയ ഉത്തരവ് എന്നിവയാണ് ഈ വര്‍ഷത്തെ ‘അസ്വസ്ഥ’പ്പെടുത്തുന്ന മറ്റു നാലു കാര്യങ്ങളായി നരിമാന്‍ ചൂണ്ടിക്കാട്ടിയത്.ഈ വര്‍ഷം സംഭവിച്ചവയില്‍ അലോസരപ്പെടുത്തുന്ന മൂന്നാമത്തെ കാര്യം, പരമ്പരാഗതമായി ന്യൂനപക്ഷ സംസ്ഥാനമായ കേരളത്തിന്റെ ഗവര്‍ണര്‍ 23 മാസം വരെ നീണ്ട കാലയളവില്‍ വിവിധ ബില്ലുകളില്‍ തീരുമാനമെടുക്കാതിരുന്നതാണ്. ഈ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ അദ്ദേഹം എന്താണ് ചെയ്തത്? ആകെ എട്ടു ബില്ലുകളിലാണ് അദ്ദേഹം തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയത്. അതില്‍ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.

ഇത് തീര്‍ച്ചയായും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം, ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതോടെ ആ സംസ്ഥാനത്തെ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാന്‍ സാധ്യത കൂടുകയാണ്. കാരണം, ഗവര്‍ണര്‍ ഒരു ബില്ല് തിരിച്ചയയ്ക്കുന്നതുപോലെയല്ല ഇത് (ബില്ലുകള്‍ തിരിച്ചയച്ചാല്‍ തീര്‍ച്ചയായും ഗവര്‍ണര്‍ ഒപ്പിടണം). ഇത് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലെത്തുകയും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്താല്‍ അതോടെ ബില്ലിന്റെ കഥ കഴിഞ്ഞു,’ ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.

Facebook Comments Box

By admin

Related Post