Fri. May 3rd, 2024

മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം: കെ.സുരേന്ദ്രൻ

By admin Dec 30, 2023
Keralanewz.com

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ കേരളം കിതയ്ക്കുമ്ബോള്‍ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകള്‍ക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം കൊടുക്കാൻ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് വര്‍ഷവും ഒരു ദിവസവും മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫില്‍ ജോലി ചെയ്താല്‍ പെൻഷൻ കൊടുക്കണമെന്നാണ് കേരളത്തിലെ നിയമം. ഇതോടെ രാജിവെച്ച മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിലെ 37 രാഷ്ട്രീയ നിയമനങ്ങള്‍ക്കും പെൻഷൻ കൊടുക്കണം. കൂടാതെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ രണ്ട് മന്ത്രിമാരുടെയും പഴ്സനല്‍ സ്റ്റാഫിലുള്ളവര്‍ക്കും പെൻഷൻ ലഭിക്കും. കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും അര്‍ഹിച്ച ആനുകൂല്ല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തെ എല്ലാ ഘടകക്ഷികളുടേയും പരിവാരങ്ങള്‍ക്ക് പൊതുഖജനാവിലെ പണം തിന്നു കൊഴുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. കേരളത്തിലല്ലാതെ മറ്റ് ഒരു സംസ്ഥാനങ്ങളിലും ഇങ്ങനെ പെൻഷൻ കൊടുക്കുന്നില്ല. കേന്ദ്രമന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിലുള്ളവര്‍ക്കും പെൻഷൻ ഇല്ല. എന്നാല്‍ ഇവിടെ പാര്‍ട്ടിക്കാര്‍ക്ക് പെൻഷൻ കൊടുക്കാൻ വേണ്ടി രണ്ടര വര്‍ഷത്തേക്കാണ് സ്റ്റാഫ് നിയമനം പോലും നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെയും സ്റ്റാഫുകള്‍ക്ക് പെൻഷൻ ലഭിക്കുന്നതിനാല്‍ ഇരുകൂട്ടരും പര്സ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്കു പെൻഷൻ നല്‍കാനായി സംസ്ഥാനത്ത് ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാത്ത നാട്ടില്‍ 1340 പേരാണ് നിലവില്‍ പെൻഷൻ വാങ്ങുന്നത്. 70,000 രൂപ വരെ പെൻഷൻ വാങ്ങുന്നവര്‍ കേരളത്തിലുണ്ട്. 25ല്‍ കൂടുതല്‍ സ്റ്റാഫുകളുള്ള മന്ത്രിമാര്‍ വരെ സംസ്ഥാന മന്ത്രിസഭയിലുണ്ട്. ജനങ്ങളെ എങ്ങനെയും കൊള്ളയടിക്കുന്ന കൊള്ളക്കാരുടെ മാനസികാവസ്ഥയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Facebook Comments Box

By admin

Related Post