Kerala NewsLocal News

ഉടൻ പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം : ജാഗ്രതാ നിര്‍ദേശവുമായി കെ.എസ്.ഇ.ബി

Keralanewz.com

തിരുവനന്തപുരം: ഉടൻ പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി കെ.എസ്.ഇ.ബി.

ഓണ്‍ലൈൻ പണം തട്ടിപ്പുകാര്‍ കെ.എസ്.ഇ.ബിയെയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണിത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന എസ്.എം.എസ്/ വാട്സ്‌ആപ് സന്ദേശത്തിലെ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച്‌ ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുന്നു.

തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുന്ന രീതിയാണ് തട്ടിപ്പുകാര്‍ നടത്തുന്നത്. എത്രയും വേഗം പണമടച്ചില്ലെങ്കിലോ വിവരങ്ങള്‍ നല്‍കിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കും എന്നാണ് സന്ദേശം. ഇത് ഒറ്റനോട്ടത്തില്‍ കെ.എസ്.ഇ.ബിയുടേതാണെന്ന് ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍, കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്ബര്‍, അടയ്ക്കേണ്ട കൃത്യമായ തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല.

വൈദ്യുതി ബില്‍ അടയ്ക്കാൻ www.kseb.in വെബ്സൈറ്റോ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് ഇൻസ്റ്റാള്‍ ചെയ്യാവുന്ന ‘കെ.എസ്.ഇ.ബി’ എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗിക്കാം. വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഇലക്‌ട്രിസിറ്റി ബില്‍ പേമെന്‍റ് സൗകര്യം, ബി.ബി.പി.എസ് അംഗീകൃത മൊബൈല്‍ പേമെന്‍റ് ആപ്ലിക്കേഷനുകള്‍ എന്നിവയും ബില്‍ അടയ്ക്കാൻ പ്രയോജനപ്പെടുത്താം.

ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സംശയകരമായ ഫോണ്‍വിളികളോ സന്ദേശങ്ങളോ ലഭിക്കുന്നെങ്കില്‍ 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബറിലോ സെക്ഷൻ ഓഫിസിലോ വിളിച്ച്‌ വ്യക്തത വരുത്തണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Facebook Comments Box