Sat. May 18th, 2024

കൊച്ചുവേളി-നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

By admin Jan 3, 2024
Keralanewz.com

തിരുവനന്തപുരം: കൊച്ചുവേളി-നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനും നേമത്തെ തിരുവന്തപുരം സൗത്താക്കാനുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തോടാണ് റെയില്‍ വികസനത്തിന്‍റെ ഭാഗമായി പേര് മാറ്റാൻ കേരളം ആവശ്യപ്പെട്ടത്.

ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കരുത്. കൊച്ചുവേളിയുടെയും നേമത്തിൻ്റെയും പേര് മാറ്റത്തിന് പല കാരണങ്ങളുണ്ട്. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാൻ തന്നെയാണ് നീക്കം. തിരുവനന്തപുരം സെൻട്രല്‍ കേന്ദ്രീകരിച്ച്‌ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്.

കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ഒരുപാട് ദീര്‍ഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്ബത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രല്‍ സ്റ്റേഷനെ തന്നെയാണ്.

തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതല്‍ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു

സംസ്ഥാനം പേര് മാറ്റത്തിന് തീരുമാനിച്ചതോടെ ഇനി പച്ചക്കൊടി കാട്ടേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. റെയില്‍വെ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അംഗീകരിക്കുന്നതോടെ ഔദ്യോഗികമായി പേരുകള്‍ മാറും.

Facebook Comments Box

By admin

Related Post