മുഖ്യമന്ത്രിയുടെ വിരുന്നില്‍ സഭയുമായുള്ള തർക്കത്തിൽ മഞ്ഞുരുക്കം; വിരുന്നിൽ പങ്കെടുത്ത് ക്രൈസ്തവ മേലധ്യക്ഷന്മാർ
തിരുവനന്തപുരം: കെ.സി.ബി.സി അധ്യക്ഷൻ ഉള്‍പ്പെടെ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ പങ്കെടുത്തതോടെ ഇരുവിഭാഗത്തിനുമിടയിലെ തര്‍ക്കത്തിന് പരിഹാരമാകുന്നു.

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാൻ ഉന്നയിച്ച വിമര്‍ശത്തില്‍ വാഗ്വാദം തുടരുന്നതിനിടെയാണ് കെ.സി.ബി.സി അധ്യക്ഷൻ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കമുള്ള ക്രൈസ്തവ മേലധ്യക്ഷന്മാര്‍ വിരുന്നില്‍ പങ്കെടുത്തത്. മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ മന്ത്രി സജി ചെറിയാന്‍ കാതോലിക്കാബാവയുടെ അടുത്തെത്തി സംസാരിക്കുകയും ചെയ്തു.
ബിഷപ്പുമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടു മന്ത്രി നടത്തിയ പ്രതികരണത്തിലെ ‘വീഞ്ഞ്, കേക്ക്, രോമാഞ്ചം’എന്നീ വാക്കുകള്‍ വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിയെ തള്ളിയിരുന്നു.
കേരളാ കോൺഗ്രസ് (എം) നേതാക്കളായ ജോസ് കെ മാണി എം പി യും , മന്ത്രി റോഷി അഗസ്റ്റിനും സജി ചെറിയാന്റെ അഭിപ്രായം തള്ളിക്കളഞ്ഞിരുന്നു.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന പിൻവലിക്കുന്നതു വരെ സംസ്ഥാന സര്‍ക്കാറുമായി ഒരു കാര്യത്തിലും സഹകരിക്കില്ലെന്ന് കാതോലിക്കാബാവയും പ്രതികരിച്ചു. ക്രൈസ്തവ വിഭാഗങ്ങളെ കൂടുതലായി അടുപ്പിക്കുകയെന്ന ഉദ്ദേശ്യം കൂടിയുള്ള മുഖ്യമന്ത്രിയുടെ വിരുന്ന് കെ.സി.ബി.സി ബഹിഷ്കരിച്ചേക്കുമെന്ന നിലയിലാണ് മന്ത്രി സജി ചെറിയാൻ തന്‍റെ വിവാദ പരാമര്‍ശം പിൻവലിക്കാൻ തയാറായത്. എന്നാല്‍, പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ മണിപ്പൂര്‍ കലാപത്തെക്കുറിച്ച് മേലധ്യക്ഷര്‍ പ്രതികരിക്കേണ്ടതായിരുന്നുവെന്ന നിലപാടില്‍ മാറ്റമില്ലെന്നും പുരോഹിതര്‍ വിരുന്നിന് പോയതല്ല പ്രശ്നം, മറിച്ച് പറയേണ്ടത് പറയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നെങ്കിലും മുസ്ലിം ലീഗിലെ പി.വി. അബ്ദുല്‍ വഹാബ് എം.പി മാത്രമാണ് പങ്കെടുത്തത്. വിരുന്ന് ബഹിഷ്കരണം സംബന്ധിച്ച് യു.ഡി.എഫ് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിരുന്നില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചില്ല.