കോട്ടയം:
2024 ൽ റബ്ബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകൾ ആണ് അന്താരാഷ്ട്ര വിപണിയിൽ നിന്നും പുറത്തുവരുന്നത്. ഈ വർഷം ആവശ്യത്തിന് മാത്രമുള്ള ഉത്പാദനം ഉണ്ടാകുമ്പോൾ വരും വർഷങ്ങളിൽ രണ്ടു മുതൽ നാലു ശതമാനം വരെയുള്ള കുറവ് ഉത്പാദനത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. തൻമൂലം വരും നാളുകളിൽ വില വർദ്ധനവിന് സാധ്യതയുള്ളതായിട്ടാണ് അന്താരാഷ്ട്ര വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
ആഗോള വിപണിയിൽ കഴിഞ്ഞ വർഷത്തെ ഉത്പാദനത്തിൽ ഏകദേശം രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകാൻ ആണ് സാധ്യത എന്നാണ് വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന തായ്ലൻഡിൽ കഴിഞ്ഞ വർഷം 4.4 ശതമാനത്തിന്റെ കുറവ് ഉത്പാദനത്തിൽ ഉണ്ടായി. ഉത്പാദന ചെലവ് വർദ്ധിച്ചു മൂലം റബ്ബർ ഉത്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലെ കർഷകരും റബ്ബർ കൃഷിയിൽ നിന്നും പിന്മാറാൻ തുടങ്ങി. റബ്ബറിന്റെ ആവർത്തന കൃഷി ഉപേക്ഷിച്ച് പലരും ഇപ്പോൾ എണ്ണപ്പന കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തന്മൂലം വരും വർഷങ്ങളിൽ ആഗോള വിപണിയിൽ റബ്ബറിന്റെ വലിയ വർദ്ധിക്കാൻ ആണ് സാധ്യത എന്നാണ് വിലയിരുത്തുന്നത്.
കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. പല കർഷകരും റബ്ബർ കൃഷിയിൽ നിന്നും പിൻമാറി തുടങ്ങി. ഉത്പാദന ചിലവിന് അനുസരിച്ച് വില ലഭിക്കാത്തതിനാൽ റബ്ബർ കർഷകർ വലിയ ദുരിതത്തിലാണ്. എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത് കിലോ ഗ്രാമിന് 250 രൂപയാണ്. എന്നാൽ അധികാരത്തിൽ എത്തി രണ്ടര വർഷം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാൻ അവർ തയ്യാറായിട്ടില്ല.
കെഎം മാണി ധനമന്ത്രി ആയിരുന്നപ്പോൾ കൊണ്ടുവന്ന 150 രൂപയുടെ വിലസ്ഥിരതാ പദ്ധതി ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇടതുപക്ഷ സർക്കർ അത് 170 രൂപയാക്കി ഉയർത്തി എങ്കിലും കൃഷിക്കാർക്ക് അത് ലഭിച്ചിട്ട് വളരെ നാളുകളായി.
റബ്ബർ കർഷകരെ സഹായിക്കാനോ റബ്ബറിന് തറവില പ്രഖ്യാപിക്കാനോ കേന്ദ്രവും തയ്യാറല്ല. റബ്ബറിനെ കേന്ദ്ര സർക്കാർ വ്യവസായിക ഉത്പന്നങ്ങളുടെ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് . കേരളം നിരന്തരമായി ആവശ്യപ്പെടുന്നതാണ് റബ്ബറിനെ കാർഷിക വിളകളുടെ ഗണത്തിൽ ഉൾപ്പെടുത്തണം എന്ന്. എന്നാൽ കേന്ദ്ര സർക്കാർ അതിന് തയ്യാറാവുന്നില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലെ കൃഷിക്കാർ സംഘടിതരല്ല. സംഘടിതരാണെങ്കിൽ മാത്രമേ കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.