National NewsCRIME

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: പ്രതികളെ വെറുതെവിട്ട സര്‍ക്കാര്‍ നടപടിക്കെതിരായ ഹർജിയില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച .

Keralanewz.com

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും.

ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്.

ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും പ്രത്യേകം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്. നേരത്തെ കേസിലെ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരണം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മറ്റ് കേസുകളുമായി ബില്‍ക്കീസ് ബാനു കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമാണെന്നും വാദത്തിനിടെ ജസ്റ്റിസുമാരായ കെ.എം ജോസഫ് , ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണം എന്താണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കിയിരുന്നു.

കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചു.15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 11 പ്രതികളെയും വെറുതെവിട്ട് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

Facebook Comments Box