‘വാലിബൻ ഞങ്ങള്‍ പരാജയപ്പെടുത്തും’; നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം
അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതില്‍ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം.
അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.
വാലിബൻ തങ്ങള്‍ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികള്‍ അടക്കം കമന്റായി എത്തിയിട്ടുണ്ട്. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല. ഇനി നിങ്ങളോട് സ്‌നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാള്‍ വലുതല്ല ഒരു മോഹൻലാലും, ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ ഊളത്തരം ചെയ്തത് എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകള്‍.
അതേസമയം, അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഗായകൻ വിധു പ്രതാപ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ ഏറെ ചർച്ചയാവുകയാണ്. ‘മതം ഒരു ആശ്വാസം ആകാം, ആവേശമാകരുത്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനോടകം നിരവധിപേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. വിധു പ്രതാപിന്റെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് പോസ്റ്റിന് താഴെ കമ്മന്റുമായി എത്തിയിരിക്കുന്നത്.