എതിരില്ലാതെ സിപിഎം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കം, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഗവര്‍ണര്‍
മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് അദ്ധ്യാപകരുടെ നോമിനേഷൻ രജിസ്ട്രാർ തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗവർണർ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഗവർണർ നാമനിർദ്ദേശം ചെയ്ത ഡോ. പി രവീന്ദ്രൻ, ഡോ. ടി എം വാസുദേവൻ എന്നിവരുടെ പത്രികയാണ് റിട്ടേണിംഗ് ഓഫീസർ കൂടിയായ രജിസ്ട്രാർ തളളിയത്. ഇരുവരും അദ്ധ്യാപക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍ സർവ്വകലാശാല ചട്ടപ്രകാരം സെനറ്റ് അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഡോ. ടി എം വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലാണ് സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്തത്. ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ഡോ. പി രവീന്ദ്രൻ സെനറ്റിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പത്രിക സമർപ്പിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.
സിപിഎം സ്ഥാനാർത്ഥിയെ എതിരില്ലാതെ വിജയിപ്പിക്കാനായാണ് തങ്ങളുടെ പത്രിക തള്ളിയതെന്നായിരുന്നു അദ്ധ്യാപകരുടെ പരാതി. ബോധപൂർവ്വമായ നീക്കമായിരുന്നു ഇതെന്നും സർവ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് രജിസ്ട്രാർ പത്രിക തള്ളിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഗവർണർക്ക് പരാതി സമർപ്പിച്ചത്.
പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നല്‍കാൻ റിട്ടേണിംഗ് ഓഫീസറും വൈസ് ചാൻസലറും വിസമ്മതിച്ചതായും ഗവർണർക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ തത്ക്കാലം നിർത്തിവയ്‌ക്കുവാനും വിഷയത്തില്‍ വിശദീകരണം നല്‍കാനും വി സിയോട് ഗവർണർ നിർദ്ദേശിച്ചു.