National NewsPolitics

അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചതായി സൂചന

Keralanewz.com

ചെന്നൈ: കള്ളപ്പണ ഇടപാട് കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി വി.സെന്തില്‍ ബാലാജി രാജിവച്ചതായി സൂചന.

ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് രാജി. ജൂണ്‍ 14നാണ് ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വകുപ്പുകള്‍ ഇല്ലാത്ത മന്ത്രിയായി മന്ത്രിസഭയില്‍ തുടരുകയായിരുന്നു ബാലാജി.

മുന്‍പ്, 2011-2015 കാലഘട്ടത്തില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ബാലാജി ജോലിക്ക് കോഴ വാങ്ങിയെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കണ്ടെത്തിയാണ് ഇ.ഡിയുടെ അറസ്റ്റ്. ആദായ നുകുതി വകുപ്പ് ബാലാജിയുടെ വീട്ടില്‍ പരിശോധനയും നടത്തിയിരുന്നു.

രാജിക്കാര്യം ഡിഎംകെ പാര്‍ട്ടിയും സ്ഥിരീകരിക്കുന്നുണ്ട്. മന്ത്രിസഭയില്‍ നിന്ന് സെന്തില്‍ ബാലാജിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഗവര്‍ണര്‍ ടി.എന്‍ രവിയോട് ആവശ്യപ്പെട്ടതായി ഡി.എം.കെ വൃത്തങ്ങള്‍ പറയുന്നു. ഒരു ഘട്ടത്തില്‍ ഗവര്‍ണര്‍ ഇടപെട്ടിട്ടും ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സ്റ്റാലിന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് വന്ന ഒരു നിരീക്ഷണമാണ് നിലപാടില്‍ മാറ്റം വരുത്താന്‍ സ്റ്റാലിനെ പ്രേരിപ്പിച്ചത്.

ബാലാജി മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വകുപ്പില്ലാമന്ത്രി എന്നുപറയുന്നത് ഭരണഘടനയെ പരിഹാസ്യമാക്കുന്ന ഏര്‍പ്പാടാണെന്നും എന്നാല്‍, മന്ത്രിസഭയില്‍നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Facebook Comments Box