എയ്‌ഡഡ് മേഖലയിലെ സംവരണപ്രശ്‌നം , സര്‍ക്കാര്‍ ഇടപെടുന്നത് സുപ്രീം കോടതി വിധിക്കുശേഷമെന്നു മന്ത്രി രാധാകൃഷ്‌ണന്‍
തിരുവനന്തപുരം: എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധി വന്നശേഷം സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി കെ.
രാധാകൃഷ്‌ണന്‍ നിയമസഭയില്‍ അറിയിച്ചു.
നിയമനത്തില്‍ സംവരണം വേണമെന്ന് യു.ജി.സിയുടെ മാര്‍ഗനിര്‍ദേശമുണ്ട്. എന്നാല്‍, എയ്‌ഡഡ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ച് സംവരണത്തിനെതിരായി അനുകൂലവിധി നേടുകയായിരുന്നു. അതിനെതിരേ ഇപ്പോള്‍ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും എ.പി. അനില്‍കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യ സര്‍ക്കാര്‍ 1957-ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസനയം അട്ടിമറിച്ചതാണ് ഇപ്പോള്‍ സംസ്‌ഥാനത്ത് തൊട്ടുകൂടായ്‌മ നിലനില്‍ക്കുന്നതിന് കാരണമെന്ന് എ.പി. അനില്‍കുമാറിന്റെ ആരോപണത്തിന് മന്ത്രി മറുപടി നല്‍കി. അന്നത്തെ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നിയമത്തില്‍ സംവരണം കൃത്യമായി ഉണ്ടായിരുന്നു. പി.എസ്.സി. മുഖേനെ നിയമനം എന്ന വ്യവസ്‌ഥയും ഉള്‍പ്പെടുത്തിയിരുന്നു. അതിനെതിരേ സമരം ചെയ്‌ത് അധികാരത്തില്‍ വന്നശേഷം പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദ്യം ചെയ്‌തത് ആ വ്യവസ്‌ഥ ഇല്ലാതാക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. “നിങ്ങള്‍ പിന്നെ പലതവണ അധികാരത്തില്‍ വന്നപ്പോള്‍ ഈ വ്യവസ്‌ഥ കൊണ്ടുവന്നുകൂടായിരുന്നോ” എന്ന ചോദ്യം ഇതിനിടയില്‍ പ്രതിപക്ഷനിരയില്‍നിന്നും ഉയര്‍ന്നു. വീണ്ടും അതു കൊണ്ടുവന്ന് നിങ്ങള്‍ക്ക് സമരത്തിന് അവസരം ഉണ്ടാക്കണമായിരുന്നോ എന്ന മറുചോദ്യമായിരുന്നു അതിനുള്ള മന്ത്രിയുടെ മറുപടി.