Thu. Apr 25th, 2024

തിരുവാഭരണത്തിലെ സ്വര്‍ണ മുത്തുകള്‍ കാണാതായ സംഭവം; ഹൈന്ദവ സംഘടനകള്‍ നാമജപ പ്രതിഷേധത്തിലേക്ക്

By admin Aug 15, 2021 #news
Keralanewz.com

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ്ണ മുത്തുകള്‍ കാണാതായ സംഭവത്തില്‍ ഹൈന്ദവ സംഘടനകള്‍ തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്തും. തിരുവാഭരണത്തിലെ സ്വര്‍ണ്ണ മുത്തുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഗുരുതരമാണെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം  മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.

പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തില്‍ ദിവസവും ചാര്‍ത്തുന്ന തിരുവാഭരണ മാലയിലെ തൂക്ക വ്യത്യാസം കണ്ടെത്തിയത്. 
സ്വര്‍ണം കാണാതായ സംഭവത്തില്‍ ഏറ്റുമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ ആദ്യഘട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ മൊഴി എടുത്തിട്ടുണ്ട്.  സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒന്‍പത് മുത്തുകളാണ് കാണാതായത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ക്ഷേത്രസമിതിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പഴയ മേല്‍ശാന്തിയുടെ വിശദീകരണവും ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിയും രംഗത്തെത്തി.

Facebook Comments Box

By admin

Related Post