Kerala NewsLocal News

മാനേജ്‌മെന്റിനെതിരേ സമരം: തൊടുപുഴയില്‍ ഏഴ്‌ നിയമവിദ്യാര്‍ഥികളെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു

Keralanewz.com

തൊടുപുഴ: മാനേജ്‌മെന്റിനെതിരെ സമര രംഗത്ത്‌ വന്നതിന്റെ പേരില്‍ തൊടുപുഴയില്‍ ഏഴ്‌ നിയമ വിദ്യാര്‍ഥികളെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു.

കോ-ഓപ്പറേറ്റീവ്‌ സ്‌കൂള്‍ ഓഫ്‌ ലോയിലെ വിദ്യാര്‍ഥികളെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. എല്‍.എല്‍.ബി ഒന്നാം സെമസ്‌റ്റര്‍ പരീക്ഷയുടെ ഫലം പുറത്തു വന്നതിനു പിന്നാലെ ഒരു വിദ്യാര്‍ഥിക്ക്‌ അനര്‍ഹമായി മാര്‍ക്ക്‌ നല്‍കിയെന്ന്‌ ആരോപിച്ച്‌ മാനേജ്‌മെന്റിനെതിരെ സമര രംഗത്ത്‌ വന്നതിന്റെ പേരില്‍ ഏഴു പേരെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞ 20ന്‌ കോളജ്‌ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കയറി താഴേക്ക്‌ ചാടുമെന്ന്‌ ഭീഷണി മുഴക്കി വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന്‌ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു.
എന്നാല്‍ വിദ്യാര്‍ഥികളുടെ വീടുകളിലേക്ക്‌ കോളജില്‍ നിന്ന്‌ സന്ദേശം അയക്കുകയും സസ്‌പെന്‍ഷന്‍ സംബന്ധിച്ച്‌ ഇന്നലെ നോട്ടീസ്‌ ഇടുകയും ചെയ്‌തു. സമരത്തെത്തുടര്‍ന്ന്‌ അടച്ചിരുന്ന കോളേജ്‌ വെള്ളിയാഴ്‌ച തുറക്കുമെന്ന്‌ അറിയിച്ചിരുന്നു. ഇതിനിടെയാണ്‌ ഒരു പെണ്‍കുട്ടി അടക്കം ഏഴു വിദ്യാര്‍ഥികളെ റാഗിങ്‌ കേസിന്റെ പേരില്‍ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തതായി നോട്ടിസ്‌ ഇട്ടത്‌.

Facebook Comments Box