Tue. May 7th, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചർച്ചകൾ വേഗത്തിലാക്കി കോണ്‍ഗ്രസ്; കെ.സുധാകരനും വി.ഡി.സതീശനും ഡല്‍ഹിക്ക്‌

By admin Mar 3, 2024 #congress #vd satheesan
Keralanewz.com

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടികയില്‍ അവസാനവട്ട ചർച്ചകള്‍ക്കായി നേതാക്കള്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും.
കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് ഇന്ന് ഡല്‍ഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തുക. നാളെയോ മറ്റന്നാളോ സ്ഥാനാർഥി പ്രഖ്യാപനവുമുണ്ടായേക്കും.

യു.എസില്‍ നിന്ന് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വയനാട് സീറ്റിലുള്ള തന്റെ നിലപാട് അറിയിച്ചെന്നാണ് സൂചന. കണ്ണൂരില്‍ താൻ മത്സരിക്കുന്നില്ലെന്ന് കെ സുധാകരൻ സ്ക്രീനിംഗ് കമ്മിറ്റിയെയും അറിയിച്ചുകഴിഞ്ഞു. എന്നാല്‍ മത്സരിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശമെങ്കില്‍ അതംഗീകരിക്കാമെന്നും പക്ഷേ, കെ.പി.സി.സി അധ്യക്ഷസ്ഥാനം മറ്റാർക്കും കൈമാറാൻ കഴിയില്ലെന്നുമാണ് സുധാകരൻ അറിയിച്ചത്. ഇക്കാര്യം ഹൈക്കമാൻഡ് പരിശോധിക്കും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കാൻ തീരുമാനമായാല്‍ ആലപ്പുഴയില്‍ സാമുദായിക പ്രാതിനിധ്യമനുസരിച്ച്‌ ഒരു മുസ്ലീം സ്ഥാനാർഥി വരണം. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട്ടില്‍ ഒരു മുസ്ലീം സ്ഥാനാർഥിയും കണ്ണൂരില്‍ ഈഴവ സ്ഥാനാർഥിയും വരും. ആലപ്പുഴയിലാവട്ടെ, ഇതര സമുദായ സ്ഥാനാർഥിയും. ഇതിനിടയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെ തുടരണമെന്നാണ് ഹൈക്കമാൻഡ് നല്‍കിയിരിക്കുന്ന നിർദേശമെന്നാണ് സൂചന.

ബി.ജെ.പി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും പ്രഖ്യാപനം വൈകുന്നത് കോൺഗ്രസിന്റെ വിജയാ സാധ്യതയെ ബാധിക്കും എന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കള്‍. പോസ്റ്ററുകളും ചുവരെഴുത്തുകളും തയ്യാറായിട്ട് കൂടി പരസ്യ പ്രചാരണം തുടങ്ങാൻ കഴിയാത്തതില്‍ സിറ്റിംഗ് എം.പിമാർ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ നാളെയോ മറ്റന്നാളോ കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ വെച്ച്‌ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ആദ്യ ഘട്ട പ്രവർത്തനം പൂർത്തിയാകാറായിട്ടും യു ഡി എഫിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിൽ ഘടകകക്ഷികളും അതൃപ്തരാണ്.

Facebook Comments Box

By admin

Related Post