Sun. Apr 28th, 2024

മലയാളത്തിന്‍റെ ഭാവഗായകന് ഇന്ന് എണ്‍പതാം പിറന്നാള്‍; പി ജയചന്ദ്രന് ആരാധകരുടെ ആശംസാ പ്രവാഹം.

By admin Mar 3, 2024
Keralanewz.com

തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി ജയചന്ദ്രന്‍ എണ്‍പതാണ്ടിന്‍റെ നിറവില്‍.1944 മാർച്ച്‌ 3 നാണ് കൊച്ചി രാജകുടുംബാംഗമായ രവിവർമ്മ കൊച്ചനിയൻ തമ്ബുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജയചന്ദ്രൻ ജനിച്ചത്.

കൊച്ചനിയൻ തമ്ബുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനാണ് പി ജയചന്ദ്രൻ. കുംഭത്തിലെ തിരുവാതിര നക്ഷത്രത്തില്‍ പിറന്ന ആ കുഞ്ഞ് പിന്നീട് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ പാടി സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നു. ഇന്നും നിലയ്ക്കാത്ത നാദധാരയായി നമുക്കൊപ്പമുണ്ട്.

കേരളത്തിലെ ആദ്യ യുവജനോത്സവത്തിന്റെ താരമാണ് പി ജയചന്ദ്രൻ. 1958ലെ ആദ്യ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ പി. ജയചന്ദ്രൻ മൃദംഗത്തില്‍ ഒന്നാമനായി. ലളിതസംഗീതത്തില്‍ രണ്ടാമതും. ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും ഒന്നാമതെത്തിയത് സാക്ഷാല്‍ കെ.ജെ.യേശുദാസും.

1965 ല്‍ ഡിഗ്രിയെടുത്ത ശേഷം ജോലിക്കായി മദിരാശിയിലെത്തി. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എം.ബി.ശ്രീനിവാസൻ നടത്തിയ ഗാനമേളയില്‍ യേശുദാസിന് പകരക്കാരനായി ‘പഴശ്ശിരാജ’ യിലെ ‘ചൊട്ട മുതല്‍ ചുടല വരെ’ പാടിയത് വഴിത്തിരിവായി. ചന്ദ്രതാരയുടെ ‘കുഞ്ഞാലിമരയ്ക്കാർ’ സിനിമയില്‍ പാടാൻ ക്ഷണം കിട്ടി.’ഒരു മുല്ലപ്പൂമാലയുമായ്… ‘. എ.വിൻസെന്റിന്റെ നിർദ്ദേശപ്രകാരം ജി. ദേവരാജൻ, ‘കളിത്തോഴൻ’ എന്ന ചിത്രത്തില്‍ ‘മഞ്ഞലയില്‍ മുങ്ങിത്തോർത്തി ‘ എന്ന ഗാനം പാടിച്ചു. അതോടെ ജയചന്ദ്രൻ മലയാളി മനസില്‍ കുടിയേറി. ‘അനുരാഗഗാനം പോലെ..’ ‘പിന്നെയും ഇണക്കുയില്‍..’ ‘കരിമുകില്‍ കാട്ടിലെ..’ ‘കല്ലോലിനി…,’ ‘ഏകാന്തപഥികൻ ഞാൻ…’ തുടങ്ങി നിരവധി ഹിറ്റുകള്‍.

എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെയുള്ള ഒന്നര പതിറ്റാണ്ടോളം അദ്ദേഹം പിന്നണിഗാന രംഗത്ത് അത്ര സജീവമായിരുന്നില്ല. പാടിയ പാട്ടുകളൊന്നും ഹിറ്റായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍, നിറം എന്ന സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായതോടെ പി ജയചന്ദ്രൻ മലയാള സിനിമയിലേക്ക് രണ്ടാം വരവ് പ്രഖ്യാപിച്ചു. പിന്നെയും എത്രയോ പാട്ടുകള്‍ അദ്ദേഹം മലയാളികള്‍ക്കായി പാടി.

മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു പി ജയചന്ദ്രൻ എന്ന ഭാവഗായകൻ. പ്രായത്തിന്റെ അസ്വസ്ഥതകളുണ്ടെങ്കിലും ജയചന്ദ്രന്റെ പാട്ടിന് ഇന്നും നിറയൗവനം തന്നെയാണ്.തൃശൂർ പൂങ്കുന്നത്താണ് താമസം. ഭാര്യ:ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്.

എണപതാം പിറന്നാളിനോടനുബന്ധിച്ച്‌ ആരാധകർ ഇന്ന് അദ്ദേഹത്തിന്റെ 80 ഗാനങ്ങളുമായി അശീതി പ്രണാമമൊരുക്കുന്നു. രാവിലെ ഒമ്ബതരയ്ക്ക് സാഹിത്യ അക്കാഡമിയില്‍. ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയുടെ ജയേട്ടൻ @ 80 ഭാവഗീതം. പ്രദീപ്‌ സോമസുന്ദരൻ, എടപ്പാള്‍ വിശ്വനാഥൻ തുടങ്ങിയവർ സംഗീതാർച്ചന നടത്തും. സംഗീതസംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, മോഹൻ സിതാര, കവി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവരുമെത്തും.

പ്രധാന പുരസ്കാരങ്ങള്‍

 ശിവ ശങ്കര ശർവ്വ ശരണ്യ വിഭോ…. (ദേശീയ അവാർഡ് – 1986
 ശ്രീനാരായണഗുരുവിന്റെ കൃതിക്ക് ദേവരാജന്റെ സംഗീതം. ചിത്രം : ശ്രീനാരായണഗുരു) ജെ.സി. ഡാനിയേല്‍ അവാർഡ് (2021)

സംസ്ഥാന അവാർഡ് ലഭിച്ച ഗാനങ്ങൾ :

സുപ്രഭാതം… സുപ്രഭാതം…
രാഗം ശ്രീരാഗം…
പ്രായം നമ്മില്‍ മോഹം നല്‍കീ…
നീയൊരു പുഴയായ്…..
ഞാനൊരു മലയാളി, മലർവാകകൊമ്ബത്ത്, ശാരദാംബരം ചാരുചന്ദ്രികാ

Facebook Comments Box

By admin

Related Post