Wed. May 15th, 2024

ലോക്സഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു,7 ഘട്ടങ്ങളില്‍ വോട്ടെടുപ്പ്, കേരളത്തില്‍ ഏപ്രില്‍ 26 ന്

By admin Mar 16, 2024
Keralanewz.com

ദില്ലി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

  1. ഫേസ് 1- വോട്ടെടുപ്പ് ഏപ്രില്‍ 19 ന്
  2. ഫേസ് 2-വോട്ടെടുപ്പ് ഏപ്രില്‍ 26 (കേരളം)
  3. ഫേസ് 3-വോട്ടെടുപ്പ് മെയ് 7
  4. ഫേസ് 4-വോട്ടെടുപ്പ് മേയ് 13
  5. ഫേസ് 5-വോട്ടെടുപ്പ് മെയ് 20
  6. ഫേസ് 6-വോട്ടെടുപ്പ് മെയ് 25
  7. ഫേസ് 7-വോട്ടെടുപ്പ് ജൂണ്‍ 1

ആദ്യ ഘട്ടത്തില്‍ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തില്‍ 94 മണ്ഡലങ്ങളില്‍ നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്

  1. ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
  2. സിക്കിം- ഏപ്രില്‍ 19 ന്
  3. ഒറീസ- മെയ് 13 ന്
  4. അരുണാചല്‍ പ്രദേശില്‍ ഏപ്രില്‍ 19 ന്

ജൂണ്‍ 4 ന് വോട്ടെണ്ണല്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂ‍ര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സന്ദ‍ര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്. എല്ലാ വോട്ട‍ര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കാളികളാകണം.

കൈവെസി ആപ്പും വോട്ട് ഫ്രം ഹോം സൗകര്യവും

10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടർമാ‍ര്‍ക്കും 47.1 കോടി സ്ത്രീ വോട്ടർമാ‍ര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേ‍ര്‍ ട്രാൻസ്ജെൻഡ‍ര്‍മാരാണ്. യുവ വോട്ടർമാർ 19.74 കോടി പേരാണ്. കന്നി വോട്ടർമാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാർത്ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കും. ക്രിമിനല്‍ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും.

Facebook Comments Box

By admin

Related Post