മെഡിക്കല്‍ കോളജില്‍ സ്വകാര്യ ആംബുലൻസുകള്‍ നിര്‍ത്തിയിടുന്നതിന് നിയന്ത്രണം
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലൻസുകള്‍ നിർത്തിയിടുന്നതില്‍ നിയന്ത്രണമേർപ്പെടുത്തി.
ഒരേ സമയം അത്യാവശ്യമുള്ള രണ്ട് ആംബുലൻസുകള്‍ മാത്രമാകും ഇനി ആശുപത്രി വളപ്പില്‍ നിർത്തിയിടാനാവുക. മറ്റുള്ളവ നാല് ദിവസത്തിനകം ഒഴിയണമെന്നും നിർദേശിച്ചു. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും വാഹനം നിർത്താൻ സൗകര്യം ഒരുക്കാനാണ് പുതിയ തീരുമാനം. പലപ്പോഴും ആശുപത്രിയിലെത്തുന്നവർ റോഡിലും മറ്റുമായാണ് വാഹനങ്ങള്‍ നിർത്തിയിടുന്നത്. ഒ.പി ബ്ലോക്കിന് മുന്നില്‍ ഡോക്ടർമാരുടെ വാഹനം മാത്രമാണ് നിർത്തിയിടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 23നു കലക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ആശുപത്രി വികസന സമിതിയില്‍ ആംബുലൻസുകള്‍ മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തുടർനടപടി. കഴിഞ്ഞ 16 വർഷമായി അത്യാഹിത വിഭാഗത്തിന് സമീപമാണ് ആംബുലൻസുകള്‍ നിർത്തിയിടുന്നത്. 16 ആംബുലൻസുകളാണ് ഇവിടെയുള്ളത്. പുതിയ തീരുമാന പ്രകാരം ആശുപത്രി അധികൃതർ നിർദേശിക്കുന്നിടത്ത് രണ്ട് ആംബുലൻസുകള്‍ക്ക് പാർക്ക് ചെയ്യാം. ഒരു ആംബുലൻസ് രോഗിയുമായി പോയാല്‍ മറ്റൊരു ആംബുലൻസിന് ഇവിടെ നിർത്താം. ആശുപത്രി അംബുലൻസ് സർവീസ് ലഭിക്കാതെ വരുമ്ബോള്‍ സ്വകാര്യ ആംബുലൻസ് ആണ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്രയം. രാത്രിയും പകലും സേവനം ലഭിക്കുന്ന തരത്തിലാണ് ഡ്രൈവർമാർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് മാറ്റുന്നതിനെതിരെ വിവിധ യൂനിയനുകള്‍ പ്രതിഷേധത്തിലാണ്.
തീരുമാനം അംഗീകരിക്കില്ല -സി.ഐ.ടി.യു
മഞ്ചേരി: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിൻറെ പരിസരത്ത് നിന്നും സ്വകാര്യ ആംബുലൻസുകള്‍ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ചെറുക്കുമെന്നും ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി അറിയിച്ചു. അത്യാഹിത വിഭാഗം പോലെ പ്രധാനമാണ് ആംബുലൻസ് സർവീസ്. ഓക്സിജൻ സൗജന്യമായി നല്‍കിയാണ് സർവീസ്. രാത്രി മൂന്ന് ഡ്രൈവർമാർ സ്ഥിരമായി ഡ്യൂട്ടി ചെയ്യുന്നു. ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുന്ന തീരുമാനം അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. പി.കെ. മുബഷീർ അധ്യക്ഷത വഹിച്ചു. എം.എ. ജലീല്‍, പി. മുനീബ്, കെ. ജവഹർ, സുധീർ നറുകര, ശരീഫ് അത്തിമണ്ണില്‍, നിഷാദ് താമരത്തോടി, കെ.മുഹമ്മദ്, പ്രവീണ്‍ നറുകര, കരീം, കുഞ്ഞുമണി എന്നിവർ സംസാരിച്ചു.