Sat. Apr 27th, 2024

വേനൽച്ചൂടിനെ വെല്ലുന്ന കേരള കോൺഗ്രസുകളുടെ പോരാട്ടത്തിന് വേദിയായ് കോട്ടയം

Keralanewz.com

കോട്ടയം :കോട്ടയത്ത് കേരള കോൺഗ്രസുകളുടെ പോരാട്ടം മീനചൂടിനെ പോലും തോൽപ്പിക്കുന്ന രീതിയിൽ പ്രചരണത്തിന്റെ ഉഷ്ണമാപിനിയിൽ നാൾക്കുനാൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. യുഡിഎഫ്. എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ പ്രചരണത്തിന്റെ സമസ്ത മേഖലകളിലും അതിൻറെ സർവ്വ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് അക്ഷരനഗരിയെ പ്രകമ്പനം കൊള്ളിക്കുകയാണ്. മുന്നണി മാറ്റവും പാർട്ടി മാറ്റവും തുടങ്ങി സ്ഥാനാർത്ഥികളുടെ പ്രചരണ പോസ്റ്ററുകൾ, ചിഹ്നങ്ങൾ, നവമാധ്യമ പ്രചരണങ്ങൾ എന്നിവയെല്ലാം ആരോപണങ്ങൾക്ക് വിഷയീഭവിക്കുകയാണ് . ഇതിൽ ഏറ്റവും രസകരമായി ഉയർന്നിരിക്കുന്നത് കേരള കോൺഗ്രസുകളുടെ ചില നവമാധ്യമ കൂട്ടായ്മകളിലൂടെയുള്ള ചർച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമാണ്. യുഡിഎഫ് സ്ഥാനാർത്ഥി കഴിഞ്ഞ കുറി എൻഡിഎ ഘടകകക്ഷിയായി മത്സരിച്ച പാർട്ടിയുടെ പ്രതിനിധി ആണെന്നുള്ളതാണ്. പി.സി തോമസ് ചെയർമാനായിരുന്ന കേരള കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ ആയിരുന്നു. അന്ന് പിസി തോമസ് കോട്ടയത്ത് കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി എൻഡിഎ മുന്നണിക്കു വേണ്ടി മത്സരിച്ചത് ചൂണ്ടിക്കാണിച്ചാണ് കേരള കോൺഗ്രസ് എം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ആരോപണം ഉയർത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് എം പാർട്ടിയിലെ പിളർപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് രണ്ടിലചിഹ്നവും പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച് കൊടുത്തപ്പോൾ പിജെ ജോസഫും കൂട്ടരും പിസി തോമസിന്റെ പാർട്ടിയെ കൂടെ ചേർത്ത് ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസ് ആയി മാറുകയായിരുന്നു. അവർ തമ്മിലുള്ള ലയനം വരെ പിസി തോമസ് ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ യുടെ ഭാഗമായിരുന്നു. കൂടാതെ ഫ്രാൻസിസ് ജോർജ് കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിൽ അഞ്ചിലും വിവിധ മുന്നണിയിലും പാർട്ടികളിലും വിവിധ ചിഹ്നത്തിലും ആണ് മത്സരിച്ചിട്ടുള്ളതെന്നതും തോമസ് ചാഴികാടൻ എട്ടു തിരഞ്ഞെടുപ്പിലും ഒരേ പാർട്ടിയിലും ഒരേ ചിഹ്നത്തിലും ആണ് മത്സരിച്ചിട്ടുള്ളതെന്നും എൽഡിഎഫ് കാർ പ്രത്യേകിച്ച് കേരള കോൺഗ്രസ് എം വിഭാഗം നവമാധ്യമങ്ങളിലൂടെ ഉയർത്തി കാണിക്കുന്നു. ഇതിനു മറുപടിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഫിൽ ആയിരുന്ന ചാഴികാടൻ എതിർപാളയത്തിലേക്ക് പോയത് ജോസഫ് വിഭാഗവും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ അംഗീകൃത ചിഹ്നത്തിൽ അല്ലാതെ സ്വതന്ത്ര ചിഹ്നത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിച്ച് ഒരുപക്ഷേ വിജയിക്കുകയാണെങ്കിൽ ദേശീയതലത്തിൽ ബിജെപി മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലായെങ്കിൽ എൻഡിഎ യിലേക്ക് പോകുവാനുള്ള സാധ്യതയും എൽഡിഎഫ് പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര ചിഹ്നമായതുകൊണ്ട് കൂറുമാറ്റ നിയമത്തിന് പരിധിയിൽ വരില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയുടെ കഴിഞ്ഞ കാലങ്ങളിലെ പാർട്ടി മാറിയ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചുമാണ് എൽഡിഎഫ് പ്രവർത്തകർ തങ്ങളുടെ വാദത്തിനെ ബലപ്പെടുത്തുന്നത്. നവ മാധ്യമങ്ങളിൽ എൽഡിഎഫ് യുഡിഎഫ് പോരാട്ടം നാൾക്കുനാൾ ചൂടേറി വരികയാണ്. മീന ചൂടിന്റെ തീഷ്ണതയെക്കാൾ നവമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മാപിനി ഉയർന്നു തന്നെ. വരുംദിവസങ്ങളിൽ വേനൽ മഴ അന്തരീക്ഷത്തിലെ ഉഷ്ണം ഏറെ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചാലും തെരഞ്ഞെടുപ്പ് പ്രചരണ മേഖലയിലെ ചൂട് വർദ്ധിക്കുമെന്ന് സാരം

Facebook Comments Box

By admin

Related Post