National NewsPolitics

മായാവതിയെ തള്ളാനും കൊള്ളാനുമാകാതെ ‘ഇൻഡ്യ’ സഖ്യം; എതിര്‍ക്കുന്നവരില്‍ പ്രധാനി കോണ്‍ഗ്രസിലെ ഉന്നതൻ

Keralanewz.com

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം അണിനിരന്ന ‘ഇൻഡ്യ’ മുന്നണിക്ക് പുറത്ത് നില്‍ക്കുന്ന പ്രധാന പാര്‍ട്ടികളിലൊന്നാണ് ബി.എസ്.പി

സഖ്യത്തിലേക്കുള്ള ക്ഷണത്തെ കാര്യമായെടുക്കാതെയാണ് മായാവതിയുടെ ഇപ്പോഴുള്ള പോക്ക്. എന്നാല്‍ ഇൻഡ്യ സഖ്യത്തിന് ഉള്ളിലുള്ള ചില പ്രമുഖ കക്ഷികളും നേതാക്കളും മായാവതിയെ സഖ്യത്തിന് നിര്‍ബന്ധിക്കേണ്ടതില്ല എന്ന നിലപാടുകാരാണ്. മായാവതി വന്നാല്‍ അതിന്‍റെ ഗുണമുണ്ടാകും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

ഇതിനിടെയാണ് മായാവതി കഴിഞ്ഞ ദിവസം ഭാരത്, ഇന്ത്യ തുടങ്ങിയ വാക്കുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ കക്ഷികള്‍ ഇൻഡ്യ എന്ന പേര് സ്വീകരിച്ചതാണ് രാജ്യത്തിന്‍റെതന്നെ പേര് മാറ്റാൻ മോദിയെ പ്രേരിപ്പിച്ചതെന്നും മായാവതി പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് മായാവതി പറയുന്നത്. നിലവില്‍ ഒമ്ബത് അംഗങ്ങളാണ് ലോക്‌സഭയില്‍ പാര്‍ട്ടിക്കുള്ളത്.

അനുകൂലിക്കുന്നവര്‍ പറയുന്നത്

കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ബി.എസ്.പിയുമായി സഖ്യം ആഗ്രഹിക്കുന്നവരാണ്. ‘സഖ്യത്തില്‍ ബി.എസ്.പി ആവശ്യമാണ്. എസ്.പിയും കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും ഒരുമിച്ചാലും നിലവിലെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരെ ശക്തി പോരാതെവരും. മായാവതി വന്നാല്‍ ഇത് മാറും’-കോണ്‍ഗ്രസ് നേതാവ് ദി ക്വിന്റിനോട് പറഞ്ഞു.

മായാവതി വരുന്നതോടെ ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഹരിയാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് തുടങ്ങി ബി.എസ്.പിയുടെ സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും സഖ്യത്തിന് നേട്ടമുണ്ടാക്കാൻ കഴിയുമെന്നും നേതാക്കള്‍ പറയുന്നു.

‘ബി.എസ്.പി വോട്ടര്‍മാര്‍ അടിസ്ഥാനപരമായി ബി.ജെ.പി വിരുദ്ധരാണ്. യു.പിയെ ഒരു നിമിഷം മറക്കുക. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ബി.എസ്.പി വോട്ടര്‍മാര്‍ പാര്‍ട്ടിക്ക് വിജയിക്കാൻ കഴിയില്ലെന്ന് നന്നായി മനസ്സിലാക്കിയാണ് വോട്ട് ചെയ്യുന്നത്. സഖ്യംവന്നാല്‍ ഈ വോട്ടുകള്‍ ‘ഇൻഡ്യ’ മുന്നണിക്ക് ലഭിക്കും’-കോണ്‍ഗ്രസിലെ ദളിത് നേതാവ് ‘ദി ക്വിന്റി’നോട് പറഞ്ഞു.

എതിര്‍പ്പില്‍ മുന്നില്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയാണ് മായാവതിയുടെ സഖ്യപ്രവേശനത്തെ എതിര്‍ക്കുന്ന പ്രമുഖൻ. ഖാര്‍ഗെ മറ്റൊരു സാധ്യതയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ബി.എസ്‌.പി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാൻ ഖാര്‍ഗെ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ദളിത് ബഹുജൻ സമുദായങ്ങളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് കൂടുതല്‍ മുന്നിട്ടിറങ്ങണമെന്നാണ് ഖാര്‍ഗെയുടെ നിലപാട്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദലിത് സംഘടനകളിലേക്കുള്ള കോണ്‍ഗ്രസിന്റെ വ്യാപനത്തിന് ഖാര്‍ഗെ വ്യക്തിപരമായി നേതൃത്വം നല്‍കിയിരുന്നു. സര്‍വേകള്‍ അനുസരിച്ച്‌, കര്‍ണാടകയില്‍ ദലിത് വോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗവും കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. നേരത്തേ ദളിത് വോട്ടുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടയില്‍ തുല്യമായി വിഭജിക്കപ്പെട്ടിരുന്നു. ഈ തന്ത്രം യു.പിയില്‍ ആവര്‍ത്തിക്കാനാണ് ഖാര്‍ഗെ നോക്കുന്നത്. ദലിതനും ബുദ്ധമതക്കാരനുമായ ഖാര്‍ഗെക്ക് ദലിത്, പ്രത്യേകിച്ച്‌ അംബേദ്കറൈറ്റ് സംഘടനകളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.

Facebook Comments Box