National NewsPolitics

ഇന്ത്യ’ മുന്നണിക്ക് വീണ്ടും തിരിച്ചടി; ആര്‍എല്‍ഡിയും എൻഡിഎയിലേക്ക് , ലോക്സഭയിൽ രണ്ട് സീറ്റും രാജ്യസഭയും വാഗ്ദാനം.

Keralanewz.com

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിക്ക് തിരിച്ചടികൾ തുടർക്കഥയാകുന്നു. ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലും സഖ്യത്തിന് വൻ തിരിച്ചടി. സംസ്ഥാനത്ത് സമാജ് വാദി പാർട്ടി സഖ്യമുപേക്ഷിച്ച്‌ ജയന്ത് ചൗധരിയുടെ ആർ.എല്‍.ഡിയും
ബി.ജെ.പിയുമായി കൈകോർക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയായതിനെത്തുടർന്ന് ആർ.എല്‍.ഡിയും എൻഡിഎ ഘടകകക്ഷിയാകും.ലോക്സഭയില്‍ ഉത്തർപ്രദേശില്‍ രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനത്തിന് ജയന്ത് ചൗധരി കൈകൊടുത്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

ബിഹാറില്‍ ജെ.ഡി.യുവിനെ എൻ.ഡി.എയില്‍ എത്തിച്ചതിന് പിന്നാലെയാണ് ബി.ജെ.പി. രാഷ്ട്രീയ ലോക്ദളിനേയും നോട്ടമിട്ടത്. നാലു സീറ്റുകളായിരുന്നു ആർ.എല്‍.ഡിയുടെ ആവശ്യം. പടിഞ്ഞാറൻ യു.പി.യിലെ ജാട്ട് മേഖലകളില്‍ സ്വാധീനമുള്ള പാർട്ടിയെ ചാക്കിലാക്കി സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കർഷകസമരം ഈ മേഖലകളില്‍ ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ജെ.ഡി.യു.വിനു പിന്നാലെ ആർ.എല്‍.ഡി.കൂടി പോയാല്‍ പ്രതിപക്ഷത്തെ ഇന്ത്യസഖ്യത്തിന് കനത്ത തിരിച്ചടിയാവും.

കഴിഞ്ഞതവണ യു.പി.യില്‍ 62 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. അയോധ്യ രാമക്ഷേത്രം യാഥാർഥ്യമാക്കിയതോടെ ഇക്കുറി പരമാവധി സീറ്റുകള്‍ സ്വന്തമാക്കാമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഇത്തവണ എസ്.പി.യുമായി നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച്‌ ഏഴു സീറ്റുകളില്‍ ആർ.എല്‍.ഡി. മത്സരിക്കുമെന്ന് ജയന്ത് ചൗധരി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എസ്.പി.യുമായി ചേർന്ന് മത്സരിച്ച 2014-ലും 2019-ലും ആർ.എല്‍.ഡി.ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 2009-ല്‍ ബി.ജെ.പി.ക്കൊപ്പം ചേർന്നപ്പോള്‍ അഞ്ചു സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
ബി ജെ പി മൂന്നാം തുടർഭരണം ഉറപ്പിച്ചതോടെ കൂടുതൽ ചെറു കക്ഷികൾ ബി ജെ പി സഖ്യത്തിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ .

Facebook Comments Box