Mon. May 20th, 2024

ബി.ജെ.പി. ഉറ്റു നോക്കുന്നു; ഭാരത്‌ അരി കേരളത്തില്‍ വേവുമോ?

By admin Feb 9, 2024
Keralanewz.com

പാലക്കാട്‌ : അരി വില തിളച്ചുമറിയുന്ന കേരളത്തില്‍ ഭാരത്‌ അരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ വോട്ടാക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി.

കുറഞ്ഞ വിലയ്‌ക്ക്‌ അരിയും മറ്റ്‌ സാധനങ്ങളുമെത്തിക്കാനാണ്‌ ശ്രമം. നിലവില്‍ കിലോയ്‌ക്ക്‌ 29 രൂപ നിരക്കില്‍ അരി വില്‍പ്പന ആരംഭിച്ചിട്ടുണ്ട്‌. വൈകാതെ 27.50 രൂപയ്‌ക്ക്‌ ആട്ടയും 60 രൂപയ്‌ക്ക്‌ പരിപ്പും എത്തിക്കാനും നീക്കമുണ്ട്‌.
മലയാളിയുടെ തീന്‍മേശയില്‍ ഒഴിച്ചുകൂടാനാവാത്ത അരിക്ക്‌ നിലവില്‍ പൊള്ളുന്ന വിലയാണ്‌. കഞ്ഞിവച്ച്‌ കുടിക്കാന്‍ മട്ട പൊടിയരി വാങ്ങാന്‍ കിലോയ്‌ക്ക്‌ 46 രൂപ കൊടുക്കണം. പൊന്നി പൊടിയരിയാണെങ്കില്‍ 37 രൂപ വേണം. പച്ചരി വിലയും 37 രൂപയാണ്‌. അമ്ബതോളം ബ്രാന്‍ഡുകളില്‍ ഇറങ്ങുന്ന പൊന്നി അരി 50 കിലോ ബാഗ്‌ മൊത്തവിലയ്‌ക്ക്‌ എടുക്കുമ്ബോള്‍ കിലോയ്‌ക്ക്‌ 38 രൂപ മുതല്‍ 64 രൂപവരെയാകും. പതിനഞ്ചോളം ബ്രാന്‍ഡുകളില്‍ വരുന്ന കുറുവ അരി കിലോയ്‌ക്ക്‌ 37 മുതല്‍ 49 രൂപവരെ വിലയുണ്ട്‌. ജയ അരിക്ക്‌ 40 രൂപയും മട്ട അരിക്ക്‌ 44 രൂപയുമാണ്‌ ഏറ്റവും കുറഞ്ഞ മൊത്തവില. ഇത്‌ ചില്ലറ വില്‍പ്പനയ്‌ക്ക്‌ എത്തുമ്ബോള്‍ കിലോയ്‌ക്ക്‌ മൂന്നു രൂപ മുതല്‍ കൂടും.
പലവ്യജ്‌ഞനങ്ങള്‍ക്കും വില കുതിച്ചുകയറുകയാണ്‌. പരിപ്പ്‌ കിലോ 182 രൂപയും ഉഴുന്ന്‌ 153 രൂപയും മുളക്‌ 237 രൂപയുമാണ്‌ ചില്ലറ വില്‍പ്പന വില. മല്ലി-160, പച്ചക്കടല-128, പച്ചപട്ടാണി-107, വെള്ളപയര്‍-123, ചെറുപയര്‍-149, വെള്ളക്കടല-210, മുതിര-92, കടലപരിപ്പ്‌-102, ഉലുവ-108, കടുക്‌-83, പഞ്ചസാര-43, ശര്‍ക്കര-52 എന്നിങ്ങനെയാണ്‌ വില നിലവാരം.
അതിനിടെ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങള്‍ മാവേലി സ്‌റ്റോറുകളില്‍ തീര്‍ന്നിരിക്കയാണ്‌. കഴിഞ്ഞ മൂന്നുമാസമായി സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന 13 സാധനങ്ങളും ഒരുമിച്ച്‌ സ്‌റ്റോറുകളില്‍ എത്താറില്ലെന്ന്‌ പറയുന്നു. ചെറുപയറും മല്ലിയുമാണ്‌ കഴിഞ്ഞമാസം വരെ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ അതും കാലിയായി.
സംസ്‌ഥാനത്ത്‌ രണ്ടാം പിണറായി സര്‍ക്കാരിന്‌ വഴി തുറന്നതില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്‌ത സൗജന്യ കിറ്റിനും വലിയ പങ്കുണ്ടെന്നാണ്‌ വിലയിരുത്തല്‍. ഇതിന്‌ സമാനമായി രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കെ കുറഞ്ഞ വിലയ്‌ക്ക്‌ അരി എത്തിച്ച്‌ അതു വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ്‌ ബി.ജെ.പി.

Facebook Comments Box

By admin

Related Post