ന്യൂഡല്‍ഹി: വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചുവെന്ന സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങളുടെ വസ്തുതാ വിവരങ്ങളും വിശദാംശങ്ങളും പങ്കുവെക്കാൻ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതാവിൻ്റെ പ്രതികരണം തിരഞ്ഞെടുപ്പ് സമിതി ആരാഞ്ഞിട്ടുണ്ട്
‘നിങ്ങള്‍ ഒരു ദേശീയ പാർട്ടിയുടെ ഉത്തരവാദിത്തമുള്ള പരിചയസമ്പന്നനും വളരെ മുതിർന്ന നേതാവുമായതിനാല്‍, വോട്ടെണ്ണല്‍ ദിവസത്തിന് തൊട്ടുമുമ്പ് നിങ്ങള്‍ ഇത്തരമൊരു പരസ്യ പ്രസ്താവന നടത്തിയത് , വസ്തുതകളുടെയും സത്യമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണെന്നാണ് ഞങ്ങള്‍ കരുതുന്നത് . അതിനാല്‍ അമിത് ഷാ വിളിച്ചു എന്ന് പറയപ്പെടുന്ന ആ 150 മജിസ്‌ട്രേറ്റുമാരുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കണമെന്ന് അഭ്യർത്ഥിക്കുന്നു.
ആഭ്യന്തര മന്ത്രി നടത്തിയതായി ആരോപിക്കപ്പെടുന്ന ഈ കോളുകളുടെ ,വസ്തുതാപരമായ വിശദാംശങ്ങള്‍ ഇന്ന് വൈകുന്നേരം 7 മണി ക്ക് ഞങ്ങളുമായി പങ്കിടുവാൻ താങ്കളോട് ഇതിനാല്‍ ആവശ്യപ്പെടുന്നു. താങ്കള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഈ കാര്യത്തിന്മേല്‍ ഉചിതമായ നടപടിയെടുക്കാനും സാധിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ജയറാം രമേശിന് അയച്ച കത്തില്‍ വ്യക്തമാക്കി.