Kerala News

രാജ്യസഭ സ്ഥാനാര്‍ഥി, ഡി.സി.സി: കോണ്‍ഗ്രസില്‍ ധാരണയായില്ല

Keralanewz.com

തിരുവനന്തപുരം: രാജ്യസഭ സ്ഥാനാര്‍ഥി, ഡി.സി.സി ഭാരവാഹികളുടെ നിയമനം തുടങ്ങിയവ സംബന്ധിച്ച്‌ കെ.പി.സി.സി പ്രസിഡന്‍റ് കെ.

സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും ധാരണയായില്ല.

മാര്‍ച്ച്‌ 31 വരെ സമയമുള്ളതിനാല്‍ ഭാരവാഹികളുടെ നിയമന കാര്യത്തില്‍ ധിറുതി കാട്ടേണ്ടെന്നാണ് ഇരുവര്‍ക്കുമിടയിലെ ധാരണ. പാര്‍ട്ടിഅംഗത്വവിതരണം സജീവമായി നടക്കേണ്ട സന്ദര്‍ഭത്തില്‍ പ്രവര്‍ത്തകരുടെ ശ്രദ്ധ മാറ്റുന്നവിധം തിരക്കിട്ട് പുനഃസംഘടനയിലേക്ക് തല്‍ക്കാലം പോകേണ്ടെന്നാണ് ചര്‍ച്ചയിലെ തീരുമാനം. അംഗത്വ വിതരണം ലക്ഷ്യത്തിലെത്തിക്കാന്‍ എല്ലാ വഴികളും തേടണമെന്നും തീരുമാനിച്ചു. അതിനാവശ്യമായ സൗകര്യങ്ങള്‍ താഴെത്തട്ടില്‍ വരെ പാര്‍ട്ടി ഒരുക്കും. വരുംദിവസങ്ങളില്‍ അംഗത്വ വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചര്‍ച്ചയിലെ ധാരണ.

രാജ്യസഭ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ നേതാക്കള്‍ തമ്മില്‍ പ്രാഥമിക ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. ഇതിനകം ഉയര്‍ന്നുവന്ന പേരുകള്‍ ചര്‍ച്ചയായെങ്കിലും ഹൈകമാന്‍ഡിന് കൈമാറുംവിധം ആയിട്ടില്ല. വിശദ ചര്‍ച്ചകള്‍ക്ക്ശേഷം തീരുമാനമെടുക്കും. ഹൈകമാന്‍ഡിന്‍റെ മനസ്സ് കൂടി അറിഞ്ഞശേഷം പാനല്‍ അല്ലെങ്കില്‍ ഒറ്റപ്പേര് നല്‍കാമെന്നാണ് ഇരുവര്‍ക്കുമിടയിലെ ധാരണയെന്ന് അറിയുന്നു.

രാജ്യസഭ സീറ്റിന് സി.എം.പി നേതാവ് സി.പി. ജോണ്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന്‍റെ ആരും രാജ്യസഭയില്‍ ഇല്ലാത്തതും സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം പാര്‍ട്ടിക്ക് നിലനിര്‍ത്തേണ്ടതും അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം ധരിപ്പിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷം ഡല്‍ഹിക്ക് പോകുന്നുണ്ട്. അവിടെ രാജ്യസഭ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വവുമായും എം.പിമാരുമായും അദ്ദേഹം അനൗപചാരിക ചര്‍ച്ച നടത്തിയേക്കും.

Facebook Comments Box