പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ഡി.എം.കെ മന്ത്രിക്കെതിരെ പോലീസ് കേസ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്.
തൂത്തുക്കുടി പോലീസ് ആണ് കേസെടുത്തത്. ‘ഉറങ്ങിക്കിടന്ന കാമരാജിനെ കൊലപ്പെടുത്താന്‍ ആഗ്രഹിച്ചവരല്ലെ’ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് ആയിരുന്ന കെ.കാമരാജിനെ പുകഴ്ത്തിയ മോദിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബിജെപി പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. പൊതുവേദിയില്‍ അസഭ്യ പരാമര്‍ശം നടത്തിയതിന് സെക്ഷന്‍ 294ബി പ്രകാരമാണ് കേസ്. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
പഴയ മദ്രാസ് സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ.കാമരാജ്. കഴിഞ്ഞയാഴ്ച സേലത്ത് നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി കാമരാജിനെ പുകഴ്ത്തി സംസാരിച്ചത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പോലെയുള്ള അദ്ദേഹത്തിന്റെ സത്യസന്ധവും വിപ്ലവകരവുമായ പദ്ധതികള്‍ തനിക്ക് പ്രചോദനമായെന്നായിരുന്നു മോദിയുടെ വാക്കുകള്‍.