Mon. Apr 29th, 2024

ജമ്മു-കശ്മീരില്‍ സായുധ സേന പ്രത്യേക അധികാര നിയമം പിൻവലിക്കും ; അമിത് ഷാ

By admin Mar 27, 2024
Keralanewz.com

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

‌കേന്ദ്ര ഭരണപ്രദേശത്തെ സൈന്യത്തെ പിൻവലിച്ച്‌ ക്രമസമാധാന ചുമതല ജമ്മു-കശ്മീർ പൊലീസിന് വിട്ടുകൊടുക്കാനും സർക്കാറിന് പദ്ധതിയുണ്ടെന്ന് ഷാ പറഞ്ഞു.

ജമ്മു-കശ്മീർ മീഡിയാ ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘സൈന്യത്തെ പിൻവലിച്ച്‌ ക്രമസമാധാന ചുമതല ജമ്മു-കശ്മീർ പൊലീസിന് വിട്ടുകൊടുക്കാൻ പദ്ധതിയുണ്ട്. നേരത്തെ, ജമ്മു കശ്മീർ പൊലീസില്‍ വിശ്വാസമില്ലായിരുന്നു, എന്നാല്‍, ഇന്ന് സാഹചര്യം മാറി. സ്വന്തം നിലയില്‍ അവർ ഓപറേഷൻ നടത്തുന്നുണ്ട്. ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനു മുമ്ബ് നടത്തും’ -ഷാ പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനം മേഖലകളില്‍നിന്നും അഫ്സ്പ പിൻവലിച്ചതായി നേരത്തെ ഷാ വ്യക്തമാക്കിയിരുന്നു. വിവിധ സംഘടനകളും വ്യക്തികളും ജമ്മു-കശ്മീരില്‍നിന്ന് അഫ്സ്പ പിൻവലിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.

‘ജമ്മു-കശ്മീരില്‍ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും. എന്നിരുന്നാലും, ഈ ജനാധിപത്യം മൂന്ന് കുടുംബങ്ങളില്‍ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യമായിരിക്കും’ -ഷാ കൂട്ടിച്ചേർത്തു.

സെപ്റ്റംബറിനു മുമ്ബായി ജമ്മു-കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Facebook Comments Box

By admin

Related Post