Movies

വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷം, രണ്ട് കുട്ടികളെ ദത്തെടുത്തു, ഒമ്പതാം വര്‍ഷം ആദ്യ കണ്മണി ജനിച്ചു, അപരിചിതനിലെ പൂച്ചക്കണ്ണിയുടെ ജീവിതം

Keralanewz.com

മമ്മൂട്ടിയും കാവ്യാമാധവനും പ്രധാന വേഷത്തില്‍ എത്തി 2004ല്‍ പുറത്തെത്തിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു അപരിചിതന്‍. ചിത്രത്തില്‍ കല്യാണി എന്ന ആദിവാസി പെണ്‍കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ച മഹി വിജും ശ്രദ്ധ നേടിയരുന്നു. ഹിന്ദി സീരിയല്‍ നടിയായിരുന്നു താരം. താരത്തിന്റെ ആദ്യ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റമായിരുന്നു ഇത്. ഈ ഒരു ചിത്രത്തില്‍ മാത്രമാണ് ഡല്‍ഹി സ്വദേശിയായ മഹി വിജ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദി പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഒരു മോഡല്‍ കൂടിയാണ്.

അപരിചിതനില്‍ വളരെ കുറച്ചു സീനുകളില്‍ മാത്രം വന്നുപോകുന്നു എങ്കിലും മഹിയുടെ മനോഹരമായ കണ്ണുകളും നിഷ്‌കളങ്കമായ അഭിനയവും അന്ന് ശ്രദ്ധ നേടിയിരുന്നു. ‘കുയില്‍ പാട്ടില്‍ ഊഞ്ഞാലാടാം’ എന്ന പാട്ടും ആ വെള്ളാരന്‍ കണ്ണുള്ള സുന്ദരിയും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്

മോഡലിംഗിലൂടെയാണ് മഹി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 17-ാം വയസിലാണ് താരം മോഡലിംഗ് രംഗത്ത് എത്തുന്നത്. നിരവധി മ്യൂസിക് വീഡിയോകളിലൂടെയും താരം ശ്രദ്ധ നേടി. അപരിചിതന് ശേഷം പല പരമ്പരകളിലും നടി അഭിനയിച്ചിട്ടുണ്ട്. ലാഗി തുജ്‌സെ ലഗന്‍ എന്ന പരമ്പരയിലെ നകുശ എന്ന കഥാപാത്രമാണ് മഹിയുടെ കരിയറില്‍ വഴിത്തിരിവായത്. തുടര്‍ന്ന് എന്‍കൗണ്ടര്‍, ലാല്‍ ഇഷ്‌ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചു.

ജയ് ഭാനുശാലിയാണ് നടിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം ഡാന്‍സ് റിയാലിറ്റി ഷോ ആയ നാച്ച് ബലിയെ ഷോ അഞ്ചാം സീസണില്‍ മഹി പങ്കെടുത്തു. ഇവര്‍ ആയിരുന്നു സീസണിലെ വിജയികള്‍. അഭിനയ ജീവിതത്തോട് ഒപ്പം കുടുംബ ജീവിതവും ഏറെ പ്രാധാന്യത്തോടെയാണ് മഹി കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. 2011ല്‍ ആണ് മഹിയും ജയ് യും വിവാഹിതര്‍ ആകകുന്നത്. ഇവര്‍ പിന്നീട് രണ്ട് കുട്ടികളെ ദത്തെടുത്തു. 2019ല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. താര എന്നാണ് കുട്ടിയുടെ പേര്.

Facebook Comments Box