ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക നല്‍കി
പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ), അരുണ്‍ (സി.പി.ഐ), സുബി.എസ് (സ്വതന്ത്രൻ) എന്നിവർ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജിന് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ) മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. സുശീലൻ എസ് (സ്വതന്ത്രൻ) രണ്ടാമത്തെ സെറ്റ് നാമനിർദേശ പത്രികയും സമർപ്പിച്ചു.
ആറ്റിങ്ങല്‍ പാർലമെന്റ് മണ്ഡലത്തില്‍ വി.മുരളീധരൻ (ബി.ജെ.പി) രണ്ടാമത്തെ സെറ്റ് പത്രിക വരണാധികാരി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രംജി സിയ്‌ക്ക് നല്‍കി. തിരുവനന്തപുരം മണ്ഡലത്തില്‍ ഏഴ് സ്ഥാനാർത്ഥികളും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ രണ്ട് സ്ഥാനാർത്ഥികളുമാണ് ഇതുവരെ പത്രിക നല്‍കിയിട്ടുള്ളത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ നാലാണ് . രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് പത്രികാസമർപ്പണം. ഏപ്രില്‍ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് ആണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നംഘട്ട പരിശീലനം ഇന്ന് മുതല്‍ ആരംഭിക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുക.