National News

കെജ്രിവാളിന് ഇന്ന് നിര്‍ണ്ണായക ദിവസം, അറസ്റ്റിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

Keralanewz.com

ദില്ലി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണ്ണായകം. അറസ്റ്റിനെതിരെ കെജരിവാള്‍ സമർപ്പിച്ച ഹർജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും.

ജസ്റ്റിസ് സ്വർണ്ണ കാന്താ ശർമ്മയാണ് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് വിധി പ്രസ്താവിക്കുക. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ കൂടാതെയാണ് ഇഡി നടപടിയെന്നും കെജരിവാള്‍ ആരോപിക്കുന്നു. എന്നാല്‍ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപണം ഉന്നയിക്കുന്നു.

അതേസമയം കെജരിവാളിന്റെ ശരീര ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മര്‍ലീന. എന്നാല്‍ ജയിലില്‍ വന്നപ്പോള്‍ കെജരിവാളിന് 55 കിലോ തൂക്കം ഉണ്ടായിരുന്നുവെന്നും അതില്‍ മാറ്റമില്ലാതെ തുടരുകയാണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ ആണെന്നും സുഖമായിരിക്കുന്നുവെന്നുമാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

‘തിഹാര്‍ രണ്ടാം നമ്ബര്‍ ജയിലിലെ മൂന്നാം വാര്‍ഡില്‍ യു.ടി (അണ്ടര്‍ ട്രയല്‍) നമ്ബര്‍ 670’. ഇതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിലവിലുള്ള മേല്‍വിലാസം. ഏപ്രില്‍ 15 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിങ്കളാഴ്ച വൈകുന്നേരം അദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് എപ്പോഴും രണ്ട് സുരക്ഷാ ജീവനക്കാര്‍ കാവലുണ്ട്. സി.സി ടി.വി ക്യാമറകളിലൂടെ നിരന്തര നിരീക്ഷണത്തിലുമാണ്.

Facebook Comments Box