Thu. May 2nd, 2024

തൃശൂരില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുക്കുമോ? സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ

By admin Apr 19, 2024
Keralanewz.com

തൃശൂർ: കേരളത്തിലെ ഇരുപത് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കാൻ ഇനി ശേഷിക്കുന്നത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ്.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഉള്ളത് പോലെയല്ല, പാടേ മാറിയ രാഷ്ട്രീയ ചിത്രവുമായാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇടതുമുന്നണിക്കും, ഐക്യ ജനാധിപത്യ മുന്നണിക്കും ഒപ്പം ദേശീയ ജനാധിപത്യ സഖ്യമെന്ന മറ്റൊരു ബദല്‍ ശക്തി കൂടി കേരളത്തില്‍ ചുവടുറപ്പിക്കുകയാണ്.

അവർക്ക് വേണ്ടി ഇക്കുറി കളത്തില്‍ ഇറങ്ങുന്നത് ചെറിയ മീനുകളല്ല. തൃശൂരില്‍ ചരിത്ര വിജയം കുറിച്ചുകൊണ്ട് ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് തുറക്കാനുള്ള ചുമതല നടൻ സുരേഷ് ഗോപിക്കാണ്. ഇപ്പോഴിതാ തൃശൂരിലെയും കേരളത്തിലെയും ജയസാധ്യതകളെ കുറിച്ച്‌ സംസാരിക്കുകയാണ് താരം. മിഡ് ഡേ ന്യൂസിന് നല്‍കിയ പ്രത്യേകത അഭിമുഖത്തില്‍ ആയിരുന്നു താരം മനസ് തുറന്നത്.

മോദിയുടെ മൂന്നാം വരവ് കേരളം ബിജെപിയ്ക്ക് വളരെ പ്രാധാന്യമേറിയ ഒരിടമാക്കി മാറ്റുന്നു എന്ന പ്രചാരണങ്ങള്‍ക്ക് ഇടയില്‍ ഇക്കാര്യത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാക്കന്മാരില്‍ ഒരാളാണ് മോദിജി. രാഷ്ട്ര ക്ഷേമത്തിനായി നല്ല മനസുള്ളവരെ ഒരുമിച്ച്‌ ചേർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒക്കെ അതിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മന്ത്രിസഭയില്‍ ഇടം കിട്ടുമോ എന്ന ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. അതൊക്കെയും പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ തീരുമാനം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നെ കുറിച്ച്‌ എന്റെ നേതാക്കള്‍ക്ക് നന്നായി അറിയാം. ഞാൻ ജയിച്ചാല്‍ ഒരു എംപിയായി തുടരും. എനിക്ക് പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യം അവർ ഒരുക്കി തരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്; അദ്ദേഹം പറയുന്നു.

കേരളത്തില്‍ ബിജെപിയുടെ സാധ്യതകള്‍ വർധിപ്പിക്കാൻ മോദിയുടെ വരവ് ഗുണമായെന്നും താരം പറഞ്ഞു. കരുവന്നൂരില്‍ തെറ്റ് ചെയ്‌ത ആരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്തിയുടെ ഉറപ്പ് പാവങ്ങള്‍ക്ക് പുതിയ ഊർജം നല്‍കി. കൂടാതെ വന്ദേ ഭാരത് കൂടുതല്‍ അനുവദിക്കാനും, ജലജീവൻ മിഷൻ നടപ്പാക്കാനും ഒക്കെ അദ്ദേഹം ശ്രമിച്ചു. എല്ലാ വീട്ടിലും കുടിവെള്ള കണക്ഷൻ കിട്ടണമെന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

രണ്ടാമത്തെ തവണയാണ് താൻ തൃശൂരില്‍ മത്സരിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി ഇത്തവണ ജയം ഉറപ്പാണെന്ന് ബിജെപിയും മറ്റ് പാർട്ടിയിലെ നല്ല മനുഷ്യരും ഒക്കെ കരുതുന്നുവെന്നും പറഞ്ഞു. അതിനായി അദ്ദേഹം ചൂണ്ടിക്കാട്ടിയ ഉദാഹരണം തൃശൂർ മേയറായ എംകെ വർഗീസിന്റെ വാക്കുകളാണ്. നേരത്തെ സുരേഷ് ഗോപിയെ പുകഴ്ത്തിയ വർഗീസിന്റെ പ്രസ്‌താവന ഇടത് കേന്ദ്രങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിന് പിന്നാലെയാണ് സുരേഷ് ഗോപി തന്നെ അതിനെ ഏറ്റുപറയുന്നത്.

നല്ല നേതാക്കള്‍ എപ്പോഴും സെൻസിറ്റീവ് ആയിരിക്കണമെന്നും വൈകാരികത ഉള്ളവർ ആയിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എങ്കില്‍ മാത്രമേ നമുക്ക് ജനങളുടെ കണ്ണുനീർ കാണാൻ കഴിയൂ, കണ്ടാല്‍ മാത്രം പോരാ അത് തുടയ്ക്കാനും കഴിയണം. അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കണം, അത് പരിഹരിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Facebook Comments Box

By admin

Related Post